മുംബൈ: 'ഗോ കൊറോണ, കൊറോണ ഗോ' എന്ന മുദ്രവാക്യം ഉയര്‍ത്തി ശ്രദ്ധേയനായ കേന്ദ്രമന്ത്രി രാംദാസ് അത്വാല പുതിയ മുദ്രവാക്യവുമായി രംഗത്ത്. തന്‍റെ പഴയ  'ഗോ കൊറോണ, കൊറോണ ഗോ' ഇന്ത്യയിലെ കൊവിഡ് സാഹചര്യം മെച്ചപ്പെടാന്‍ കാരണമായി എന്നാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയുടെ അവകാശവാദം. ഇപ്പോള്‍ കൊവിഡിന്‍റെ പുതിയ ജനിതകമാറ്റം വന്ന വൈറസ് പടരുന്ന സാഹചര്യത്തില്‍ 'നോ കൊറോണ, കൊറോണ നോ' എന്ന മുദ്രവാക്യം താന്‍ ഉയര്‍ത്തുകയാണെന്നും കേന്ദ്രമന്ത്രി വാര്‍ത്ത ഏജന്‍സി എഎന്‍ഐയോട് പ്രതികരിച്ചു.

മുന്‍പ് ഞാന്‍ 'ഗോ കൊറോണ, കൊറോണ ഗോ' എന്ന മുദ്രവാക്യം നല്‍കി, ഇപ്പോള്‍ കൊറോണ പോവുകയാണ്. ഇപ്പോള്‍ പുതിയ കൊറോണ വൈറസ് പടരുന്നുണ്ട് എന്നാണ് അറിയുന്നത്, ഞാന്‍ ഒരു മുദ്രവാക്യം കൂടി നല്‍കുന്നു 'നോ കൊറോണ, കൊറോണ നോ' -കേന്ദ്രമന്ത്രി രാംദാസ് അത്വാല  പ്രതികരിച്ചു.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കൊറോണ ആഗോളതലത്തില്‍ പടരാന്‍ തുടങ്ങിയപ്പോള്‍ കേന്ദ്രമന്ത്രി രാംദാസ് അത്വാല മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ ഒരു പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്തത്. അവിടെ വച്ചാണ്  'ഗോ കൊറോണ, കൊറോണ ഗോ' എന്ന് ഇദ്ദേഹം വിളിച്ചത്. ഇത് വളരെ വേഗം വൈറലായി. മാര്‍ച്ച് 5ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ദീപം തെളിയിച്ചപ്പോഴും കേന്ദ്രമന്ത്രി ഈ മുദ്രവാക്യം മുഴക്കിയിരുന്നു.

ഏപ്രില്‍ മാസത്തില്‍ തന്‍റെ മുദ്രവാക്യം ലോകം മുഴുവന്‍ ഏറ്റെടുത്തെന്ന് അവകാശപ്പെട്ട് ഇദ്ദേഹം രംഗത്ത് എത്തിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇദ്ദേഹത്തിന് കൊവിഡും ബാധിച്ചു.