Asianet News MalayalamAsianet News Malayalam

വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും, ഇന്ത്യയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെന്ന് കേന്ദ്രം

എത്രയും പെട്ടെന്ന് രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വുഹാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ സന്ദേശം

no Coronavirus cases reported in india says health minister
Author
Delhi, First Published Jan 28, 2020, 4:53 PM IST

ദില്ലി: കൂടുല്‍ രാജ്യങ്ങളിലേക്കും കൂടുതല്‍ പേരിലേക്കും കൊറോണ വൈറസ് പടരുന്നതിനിടെ ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ആയിരത്തോളം ആളുകള്‍ കൊറോണ നിരീക്ഷണത്തിലുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറയുന്നു. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനായി എല്ലാ മുന്‍കരുതലുകളും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ പ്രധാന ആശുപത്രികളിലും കൊറോണ ബാധ കണക്കിലെടുത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. വിദ്യാര്‍ത്ഥികളെ എങ്ങനെ തിരിച്ചെത്തിക്കണം എന്നതിനെക്കുറിച്ച് ആലോചിക്കാന്‍ രാവിലെ പ്രത്യേക ഉന്നതതലയോഗം ദില്ലിയില്‍ ചേര്‍ന്നിരുന്നു. 

പ്രത്യേകവിമാനം അയച്ച് വിദ്യാര്‍ത്ഥികളെ തിരിച്ചു കൊണ്ടു വരാനുള്ള സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് സൂചന. എത്രയും പെട്ടെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് വുഹാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ചൈനീസ് സര്‍ക്കാര്‍ അധികൃതരുമായി വിദേശകാര്യമന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ തിരിച്ചെത്തി കഴിഞ്ഞാല്‍ അടുത്ത 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളെ അറിയിച്ചതായാണ് വിവരം. 

Follow Us:
Download App:
  • android
  • ios