ദില്ലി: ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കെ റെഡ്ഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ദേശീയ പൗരത്വ പട്ടിത തയ്യാറാക്കാനുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് അക്രമികളൊഴികെ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങള്‍ നടക്കുന്നതിന് പിന്നില്‍ പ്രതിപക്ഷമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ദേശീയ പൗരത്വ പട്ടികയുടെ കരട് പോലും തയ്യാറാക്കി തുടങ്ങിയിട്ടില്ല. മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചിട്ടില്ല. തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഹിന്ദി ഉറുദു മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അക്രമപാത ഉപേക്ഷിച്ചാല്‍ പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ് സഹമന്ത്രിയുടെ പ്രസ്താവനയെന്നും ശ്രദ്ധേയമാണ്. ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദേശീയ പൗരത്വ പട്ടിക 2024 തെരഞ്ഞെടുപ്പിന് മുമ്പ് തയ്യാറാക്കുമെനന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.  എന്തൊക്കെ സംഭവിച്ചാലും പൗരത്വ നിയമഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും നിയമം നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.