മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന തിരംഗ യാത്രയ്ക്കിടെ കസ്റ്റഡിയിലായ ഐസ പ്രസിഡന്റ് നേഹ ബോറയെക്കുറിച്ച് യാതൊരു വിവരവുമില്ല. അഭിഭാഷകർക്ക് പോലും കാണാൻ അനുമതി നൽകാത്ത പോലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്ന് ഐസ ആരോപിക്കുന്നു. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ രംഗത്തെത്തി.
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'തിരംഗ യാത്ര'യിൽ പങ്കെടുക്കവെ കസ്റ്റഡിയിലെടുത്ത ഐസ (AISA) അഖിലേന്ത്യാ പ്രസിഡന്റ് നേഹ ബോറയെക്കുറിച്ച് അർധരാത്രിയായിട്ടും യാതൊരു വിവരവുമില്ലെന്ന് റിപ്പോർട്ട്. നേഹയുടെ തിരോധാനത്തിലും കസ്റ്റഡി നടപടികളിലെ ദുരൂഹതയിലും ആശങ്ക പ്രകടിപ്പിച്ച് പൊതുപ്രവർത്തകരുടെ സംഘം ദില്ലി പോലീസിനെ കാണ്ടു. ഐസ പ്രവർത്തക അഞ്ജലി, അഡ്വ.മാണിക് ഗുപ്ത, ആർ.ടി.ഐ ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ്, പ്രൊഫസർ ജിതേന്ദ്ര മീണ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പോലീസിനെ കാണുന്നത്. നേഹയെയും അഭിജിത്തിനെയും ജാഫർപൂർ കലാൻ സ്റ്റേഷനിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. സ്ഥലത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വൈകുന്നേരം 4 മണിയോടെ കസ്റ്റഡിയിലെടുത്ത നേഹയെക്കുറിച്ച് രാത്രി വൈകിയും ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും ഐസ ആരോപിക്കുന്നു. സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ദില്ലി പൊലീസ് നിയോഗിച്ചിരിക്കുന്നതെന്ന ചോദ്യവും സംഘടന ഉയർത്തുന്നുണ്ട്. നേഹയെ ഒറ്റയ്ക്ക് മംഗ്ലാപുരിയിലെ ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് സൂചന. അവരെ കാണാൻ അഭിഭാഷകരെ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഐസ വ്യക്തമാക്കി.
അതേസമയം, നേഹ ബോറയ്ക്കും അഭിജിത് ദീപ്കെയ്ക്കും ഒപ്പം കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെയും ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആനി രാജയടക്കമുള്ള വനിതാ നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തി ആവശ്യപ്പെട്ടു. നേഹയുടെ കസ്റ്റഡിക്കെതിരെ കോൺഗ്രസും സമാജ്വാദി പാർട്ടിയും രംഗത്തുവന്നിട്ടുണ്ട്. 'തിരംഗ യാത്ര'യിൽ പങ്കെടുക്കാനിറങ്ങവെ കസ്റ്റഡിയിലെടുത്ത സി.ജെ.പി സ്ഥാപക നേതാവ് അഭിജിത് ദീപ്കെയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് പുറത്തുവിടുന്നില്ല. രാജ്യതലസ്ഥാനത്ത് ഇന്നത്തെ സംഘർഷ സാഹചര്യം പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നും വിവിധ സംഘടനകൾ പ്രതിഷേധം തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


