Asianet News MalayalamAsianet News Malayalam

'രാജ്യത്ത് തൊഴില്‍ ക്ഷാമമില്ല, ഉത്തരേന്ത്യക്കാര്‍ക്ക് വേണ്ടത്ര യോഗ്യത ഇല്ലാത്തതുകൊണ്ടാണ്'; കേന്ദ്ര തൊഴില്‍ മന്ത്രി

'ജോലി സംബന്ധമായ റിക്രൂട്ട്മെന്‍റുകള്‍ക്കായി ഉത്തരേന്ത്യയില്‍ എത്തുന്നവര്‍ക്ക് ജോലിയിലേക്ക് വേണ്ട യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ സാധിക്കാറില്ല'. 

No job crisis in india north indians lack qualifications said union minister
Author
New Delhi, First Published Sep 16, 2019, 7:58 PM IST

ദില്ലി: രാജ്യത്ത് തൊഴില്‍ ക്ഷാമം ഇല്ലെന്നും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തത് കൊണ്ടാണ് ഉത്തരേന്ത്യക്കാര്‍ക്ക് ജോലി ലഭിക്കാത്തതെന്നും കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‍വാര്‍. ജോലി സംബന്ധമായ റിക്രൂട്ട്മെന്‍റുകള്‍ക്കായി ഉത്തരേന്ത്യയില്‍ എത്തുന്നവര്‍ക്ക് ജോലിയിലേക്ക് വേണ്ട യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ സാധിക്കാറില്ലെന്നും രാജ്യത്ത് തൊഴില്‍ ക്ഷാമം ഇല്ലെന്നും സന്തോഷ് ഗാങ്‍വാര്‍ പറ‍ഞ്ഞു.

സാമ്പത്തിക മാന്ദ്യവും തൊഴില്‍ പ്രതിസന്ധിയെക്കുറിച്ചും ശനിയാഴ്ച ബറേലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവനയെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 'തൊഴില്‍ രംഗത്തെ സാഹചര്യങ്ങള്‍ ദിവസേന വിലയിരുത്തുന്നുണ്ട്. രാജ്യം തൊഴില്‍ ക്ഷാമം നേരിടുന്നില്ല. നമുക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുണ്ട്. പ്രത്യേക സംവിധാനത്തിലൂടെ അവ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ്'- ഗാങ്‍വാര്‍ അറിയിച്ചു. 

എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെ വിഷയത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 'അഞ്ചു വര്‍ഷമായി നിങ്ങള്‍ക്ക് സര്‍ക്കാരുണ്ട്. തൊഴില്‍ ഇല്ലാതായത് സര്‍ക്കാരിന്‍റെ മെല്ലെപ്പോക്ക് കൊണ്ടാണ്. നല്ലതെന്തെങ്കിലും സര്‍ക്കാര്‍ ചെയ്യുമെന്ന് യുവാക്കള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. നിലവിലുള്ള അവസരങ്ങള്‍ സാമ്പത്തിക മാന്ദ്യം മൂലം ഇല്ലാതാകുകയാണ്.  ഉത്തരേന്ത്യക്കാരെ അവഹേളിച്ച് രക്ഷപ്പെടാനാവില്ല'- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 

Follow Us:
Download App:
  • android
  • ios