ബെംഗളുരു: കൊവിഡ് വ്യാപനത്തിന് പിന്നാലെ തൊഴിലവസരങ്ങള്‍ ഇല്ലാതായി, തൊഴിലുറപ്പിലേക്ക് തിരിഞ്ഞ് യുവജനങ്ങള്‍.  കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണിനിടെ നിരവധിപേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. വിവിധ വിഷയങ്ങളിലെ ബിരുദധാരികള്‍ക്കും തൊഴിലവസരങ്ങള്‍ കുറഞ്ഞതോടെ യുവജനം തൊഴിലുറപ്പിലേക്ക് തിരിഞ്ഞതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. 

നഗരങ്ങളിലെ ബിരുദ, ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി തൊഴിലുറപ്പിന് പോകുന്നത്. കര്‍ണാടകയിലെ ഗ്രാമങ്ങളിലുടനീളം നിരവധി യുവജനങ്ങളാണ് പുതിയതായി തൊഴിലുറപ്പിലേക്ക് എത്തിയതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. കര്‍ണാടകയിലെ ബിദറില്‍ വനംവകുപ്പിനായി ട്രെഞ്ച് നിര്‍മ്മിക്കുന്നതില്‍ എംബിഎ ബിരുദധാരികള്‍, എന്‍ജിനിയര്‍മാര്‍ അടക്കമാണുള്ളത്. 

ഡിപ്ലോമയ്ക്ക് ശേഷം ആദ്യമായി ലഭിച്ച ജോലിയുപേക്ഷിച്ച് പോരേണ്ടി വന്ന വിഷമവും ചിലര്‍ മറച്ച് വയ്ക്കുന്നില്ല. എന്നാല്‍ വീട്ടില്‍ വെറുതെയിരുന്ന് മനസ് മടുപ്പിക്കാന്‍ വയ്യെന്നും തൊഴിലുറപ്പിലൂടെ കിട്ടുന്ന വരുമാനം കുടുംബത്തിന് സഹായമാകുമെന്നാണ് ഇവരുടെ പ്രതികരണം. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് നൂറ് തൊഴില്‍ ദിനങ്ങളാണ് ഉറപ്പ് നല്‍കുന്നത്.