Asianet News MalayalamAsianet News Malayalam

ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ല: ഹിന്ദി വിവാദത്തിൽ കേന്ദ്രമന്ത്രി ജയശങ്കർ

കേന്ദ്ര സർക്കാരിന് സമർപ്പിച്ച ഡ്രാഫ്റ്റ് എഡുക്കേഷൻ പോളിസിയിൽ ഹിന്ദി നിർബന്ധമായും പഠിപ്പിക്കണമെന്ന നിർദ്ദേശത്തിനെതിരെ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു

No language will be imposed says Unio Minister Jaishankar
Author
New Delhi, First Published Jun 3, 2019, 10:16 AM IST

ദില്ലി: ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരട് രേഖ മാത്രമാണ് തയ്യാറായതെന്ന് കേന്ദ്രമന്ത്രി ജയശങ്കർ. പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് പൊതുസമൂഹത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം തേടുമെന്നും ഏകപക്ഷീയമായി ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

"പൊതുജനങ്ങളിൽ നിന്ന് പ്രതികരണം തേടും. സംസ്ഥാന സർക്കാരിനോട് ചോദിക്കും. ഇതൊക്കെ കഴിഞ്ഞേ ഇത് നടപ്പിലാക്കൂ. എല്ലാ ഭാഷകളെയും ഇന്ത്യ ഗവൺമെന്റ് ബഹുമാനിക്കുന്നുണ്ട്. ഏതെങ്കിലും ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ല," അദ്ദേഹം വ്യക്തമാക്കി.

മുൻ ഐഎസ്ആർഒ തലവൻ കെ കസ്തൂരിരംഗൻ അദ്ധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾ അവിടുത്തെ പ്രാദേശിക ഭാഷയും ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്നാണ്. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഹിന്ദിയും ഇംഗ്ലീഷും ഒരു ആധുനിക ഇന്ത്യൻ ഭാഷയും പഠിക്കണം എന്നും നിർദ്ദേശിക്കുന്നു. ഹിന്ദി ഭാഷ നിർബന്ധമായും പഠിപ്പിക്കണമെന്ന കമ്മിഷന്റെ നിർദ്ദേശത്തെയാണ് ഡിഎംകെ നേതാവ് സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ എതിർത്തത്.

തമിഴ്‌നാട്ടിലെ സ്കൂളുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാലും വ്യക്തമാക്കിയിരുന്നു. മൂന്ന് ഭാഷ പഠിപ്പിക്കുന്ന പദ്ധതി ഇതുവരെ കാര്യക്ഷമമായല്ല നടപ്പിലാക്കിയതെന്ന് ശശി തരൂർ പറഞ്ഞു. ദക്ഷിണേന്ത്യയിൽ രണ്ടാം ഭാഷയായി ഹിന്ദി പഠിക്കുന്നുണ്ടെന്നും എന്നാൽ ഉത്തരേന്ത്യയിൽ ആരും മലയാളമോ തമിഴോ പഠിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios