ഗ്രാമത്തിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് തേടിയെങ്കിലും, ഉയര്‍ന്ന തുകയാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. 

തിരുപ്പതി: ആന്ധ്രയില്‍ ആംബുലന്‍സ് ലഭിക്കാതായതോടെ പന്ത്രണ്ട് വയസ്സുള്ള മകന്‍റെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി കുടുംബം (Andhrapradesh Man Carries Son’s Body On Motorcycle For 90 Km) തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് മറ്റുവഴിയില്ലാതെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി സംസ്കരിച്ചത്. ആംബുലന്‍സ് വിട്ടുനല്‍കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് മൃതദേഹം ബൈക്കിലിരുത്തി കൊണ്ടുപോകേണ്ടി വന്നത്.

തിരുപ്പതി ശ്രീ വെങ്കിടേശ്വര സര്‍ക്കാര്‍ ആശുപത്രിയിലെയാണ് ഈ കാഴ്ച. മണിക്കൂറുകളോളും ആംബുന്‍സിനായി കേണപേക്ഷിച്ചിട്ടും ലഭിക്കാതായതോടെയാണ് മകന്‍റെ മൃതദേഹം നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ബൈക്കില്‍ 90 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ ഈ അച്ഛന്‍ നിര്‍ബന്ധിതനായത്. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് പന്ത്രണ്ടുകാരന്‍ മരിച്ചത്. ഗ്രാമത്തിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് തേടിയെങ്കിലും, ഉയര്‍ന്ന തുകയാണ് അധികൃതര്‍ ആവശ്യപ്പെട്ടത്.

സ്വകാര്യ ആംബുലന്‍സിനെ സമീപിച്ചെങ്കിലും ഇരട്ടി തുക ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരെ വീണ്ടും സമീപിച്ച് അപേക്ഷിച്ചെങ്കിലും മുഴുവന്‍ പണവും ആദ്യം തന്നെ അടയ്ക്കാതെ ആംബുലന്‍സ് നല്‍കില്ലെന്നായിരുന്നു മറുപടി. മറ്റ് വഴിയില്ലാതെ മൃതദേഹം ബൈക്കിലിരുത്തി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആന്ധ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ അനാസ്ഥയുടെ ഇരയാണ് കുടുംബം എന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വീഴ്ച വരുത്തിയവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി വ്യക്തമാക്കി.