കോക്രോച്ച് പരാമർശത്തിൽ പ്രതിഷേധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കാനിരുന്ന കൺവോക്കേഷൻ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യാർത്ഥികൾ കത്ത് നൽകിയിരുന്നു. തുടർന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ മനൻ കുമാർ മിശ്റയാണ് വിദ്യാർത്ഥികൾക്ക് അംഗത്വം നിഷേധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

ദില്ലി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആന്‍റ് റിസർച്ച് (NALSAR) യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ബാർ കൗൺസിൽ അംഗത്വം നിഷേധിച്ച് ചെയർമാൻ. കോക്രോച്ച് പരാമർശത്തിൽ പ്രതിഷേധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കാനിരുന്ന കോൺവൊക്കേഷൻ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യാർത്ഥികൾ കത്ത് നൽകിയിരുന്നു. തുടർന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ മനൻ കുമാർ മിശ്റയാണ് വിദ്യാർത്ഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യാൻ അനുവദിക്കില്ലെന്ന് ഉത്തരവിറക്കിയത്. അതേസമയം ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് മുന്നിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സി ജെ പി.

ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ 2026 ബാച്ചിലെ 450-ലധികം വിദ്യാർത്ഥികൾ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും പ്രൊഫസർമാർക്കും ഒപ്പുവെച്ച നിവേദനം നൽകുകയായിരുന്നു. തങ്ങളുടെ ആശങ്കകളാണ് സർവകലാശാലയെ അറിയിച്ചതെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. ജൂലൈ 20-ന് ഡൽഹിയിലെ ജന്തർ മന്തറിൽ പാർലമെന്റ് മാർച്ചിനിടെ ഉണ്ടായ പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോഴുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാടാണ് വിദ്യാർത്ഥികളുടെ എതിർപ്പിന് പ്രധാന കാരണം. പൊലീസ് അതിക്രമത്തിന്റെ വീഡിയോ തെളിവുകൾ കാണാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ്, 'ഞങ്ങൾക്ക് സമയമില്ല' എന്ന് പറഞ്ഞെന്നും നേരത്തെ രാജ്യത്തെ യുവാക്കളെ പാറ്റകൾ എന്ന് വിളിച്ചെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇത്തരം നിലപാടുകളുള്ള വ്യക്തിയെ കാമ്പസിലേക്ക് ക്ഷണിച്ച് ബിരുദം വാങ്ങുന്നത് സർവകലാശാലാ തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. തങ്ങളുടെ പ്രതിഷേധം ചീഫ് ജസ്റ്റിസ് എന്ന ഭരണഘടനാ പദവിക്കെതിരെയല്ലെന്നും മറിച്ച് അടുത്തിടെയുണ്ടായ അദ്ദേഹത്തിന്റെ നിലപാടുകളോടാണെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി

അതേസമയം വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കം ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്നും അന്വേഷണത്തിൽ അച്ചടക്ക ലംഘനമൊന്നും കണ്ടെത്തിയില്ലെങ്കിൽ എൻറോൾമെന്റ് നടപടികളുമായി മുന്നോട്ട് പോകുമെന്നും ബിസിഐ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. വി പി ശർമ്മ വ്യക്തമാക്കി. ബിസിഐ തീരുമാനത്തെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.