ദില്ലി: ശിവസേന എല്ലായ്പ്പോഴും ഹിന്ദുത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്നും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ച് ആരിൽ നിന്നും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സജ്ഞയ് റാവത്ത്. ശിവസേന സ്ഥാപകൻ ബാൽതാക്കറേയ്ക്ക് അന്ത്യാജ്ഞലി അർപ്പിച്ച വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സജ്ഞയ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങളുടെ ഹിന്ദുത്വത്തെ ആരും സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലായ്പ്പോഴും ഞങ്ങൾ ഹിന്ദുത്വവാദികളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ഇനിയുള്ള കാലത്തും അങ്ങനെ തന്നെ ആയിരിക്കും. രാജ്യത്തിന് ആവശ്യമുള്ള സമയത്തെല്ലാം ഹിന്ദുത്വ വാളുമായി ഞങ്ങൾ രം​ഗത്തെത്തും. റാവത്ത് പറഞ്ഞു. ശിവസേൻ സ്ഥാപകനായ ബാൽ താക്കറേയുടെ തത്വശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ശിവസേന പ്രവർത്തിക്കുന്നതെന്ന ബിജെപി ആരോപണത്തോട് മറുപടി നൽകുകയായിരുന്നു അദ്ദേഹം.