ദില്ലി: നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍)സര്‍വ്വേയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ജനങ്ങള്‍ ഉത്തരം നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മന്ത്രിസഭയോഗതീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. എൻപിആറിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നിർബന്ധമല്ല.അറിയാത്തത് നല്‍കേണ്ടതില്ല - മാധ്യമപ്രവര്‍ത്തകരോടായി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 

ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെ കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയുവും ദദ്രനഗര്‍ ഹവേലിയും ലയിപ്പിച്ചു കൊണ്ടുള്ള നിയമഭേദഗതിക്കും ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. 

കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയുവും ദാദ്ര-നഗര്‍ ഹവേലിയും ലയിപ്പിച്ച് ഒരൊറ്റ കേന്ദ്രഭരണപ്രദേശമാക്കാനുള്ള ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ദാമന്‍ ആയിരിക്കും പുതിയ കേന്ദ്രഭരണപ്രദേശത്തിന്‍റെ തലസ്ഥാനം. ഗുജറാത്തിലാണ് ദാമന്‍ ദിയു സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിയിലാണ് ദദ്ര നഗര്‍ ഹവേലി സ്ഥിതി ചെയ്യുന്നത്. 

ആറ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാംപസുകള്‍ സ്ഥാപിക്കാന്‍ 4371.90 രൂപ അനുവദിച്ചു. 2009-10 വര്‍ഷങ്ങളില്‍ സ്ഥാപിച്ച എന്‍ഐടി ക്യാംപസുകള്‍ താത്കാലിക കെട്ടിട്ടങ്ങളിലും ക്യംപസുകളിലുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 2021-ഓടെ ഈ എന്‍ഐടികള്‍ക്ക് സ്ഥിരം ക്യാംപസുകള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. 

ജിഎസ്ടി, വാറ്റ്, എക്സൈസ് ഡ്യൂട്ടി എന്നിവയില്‍ ഭേദഗതി വരുത്തികൊണ്ടുള്ള ബില്ലുകള്‍ക്കും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഒബിസി വിഭാഗത്തിനുള്ള ഉപസംവരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച കമ്മീഷന്‍റെ കാലാവധി. ആറ് മാസത്തേക്ക് കൂടി നീട്ടി. 

കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ ഫ്ളൂറോകാര്‍ബണ്‍ ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനം അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. ജലഗതാഗതരംഗത്ത് വിദേശനിക്ഷേപവും സഹകരണവും ഉറപ്പാക്കാനായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സമര്‍പ്പിച്ച പരിഷ്കാര നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി.