Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറില്ല; വേണമെങ്കില്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതി

അതേസമയം ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിന് കോടതി അനുമതി നല്‍കി. ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് തന്‍റെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. 

no need to share the visuals of actress being attacked  to dileep says SC
Author
Supreme Court of India, First Published Nov 29, 2019, 10:51 AM IST

ദില്ലി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അതേസമയം ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിന് കോടതി അനുമതി നല്‍കി. ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് തന്‍റെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. 

ദൃശ്യങ്ങൾ കേസിലെ പ്രധാന രേഖയായതിനാൽ അത് ലഭിക്കാൻ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങൾ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹര്‍ജിയിൽ വാദം പൂര്‍ത്തിയാക്കി കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് വിധി പറയാൻ മാറ്റിവെച്ചത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങൾ ലഭിച്ചെങ്കിൽ മാത്രമെ തന്‍റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിന്‍റെ വാദം. 

ഓടുന്ന കാറിൽ വച്ചുണ്ടായ ആക്രമണത്തിൽ പ്രതികൾ  മൊബൈൽ ഫോണിൽ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങൾ കേസിലെ പ്രധാന രേഖയാണ്. നിയപരമായി അത് ലഭിക്കാൻ അവകാശമുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു. ദൃശ്യങ്ങൾ കൈമാറുന്നിന് ഉപാധികൾ വെക്കാമെന്നും ദൃശ്യങ്ങൾ ചോരാതിരിക്കാൻ വാട്ടര്‍മാര്‍ക്കിട്ട് നൽകിയാൽ മതിയെന്നും ദിലീപ് അറിയിച്ചിരുന്നു. 

അതേസമയം ഉപാധികളോടെ പോലും ദൃശ്യങ്ങൾ കൈമാറരുതെന്നാണ് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടത്. സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും അവർ കോടതിയിൽ അഭ്യര്‍തഥിച്ചിരുന്നു. ദൃശ്യങ്ങൾ കൈമാറണമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിൽ ശക്തമായി എതിര്‍ത്തിയിരുന്നു. ദൃശ്യങ്ങൾ ദിലീപിന് നൽകാൻ കോടതി തീരുമാനിച്ചാൽ മറ്റ് പ്രതികളും ഇതേ ആവശ്യവുമായി എത്താമെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.  

സുപ്രീംകോടതിയിലെ കേസ് നീണ്ടുപോയതിനാൽ ദിലീപ് ഉൾപ്പടെയുള്ളവര്‍ക്കെതിരെ കുറ്റംചുമത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. വിധി വരുന്നതോടെ വിചാരണ നടപടികളിലേക്ക് പോകുന്നതിന് അന്വേഷണ സംഘത്തിനുള്ള തടസ്സം നീങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മു​ഗുൾ റോത്ത​ഗിയാണ് ദിലീപിന് വേണ്ടി കേസിൽ ഹാജരായത്. 

 

 

Follow Us:
Download App:
  • android
  • ios