Asianet News MalayalamAsianet News Malayalam

ഉത്തര്‍പ്രദേശില്‍ മുസ്ലിം വ്യാപാരികള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

തിവാരിയുടെ പരാമര്‍ശങ്ങളെ ബിജെപി വക്താവ് രാകേഷ് ത്രിപാഠി തള്ളി. സംഭവത്തില്‍ തിവാരിയോട് വിശദീകരണം ചോദിക്കുമെന്നും രാകേഷ് ത്രിപാഠി 

No one should buy vegetables from Muslims says  BJP MLA in Uttar pradesh
Author
Deoria, First Published Apr 28, 2020, 8:54 AM IST

ലക്നൌ: മുസ്ലിം വ്യാപാരികള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. ഡിയോറിയ ജില്ലയിലാണ് ബിജെപി എംഎല്‍എ സുരേഷ് തിവാരി പച്ചക്കറി കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഡിയോറിയയിലെ ഭര്‍ഹാജ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുരേഷ് തിവാരി. 

'ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ എല്ലാവരോടുമായാണ് ഞാനിത് പറയുന്നത്. മുസ്ലിം വ്യാപാരികളില്‍ നിന്ന് ആരും പച്ചക്കറികള്‍ വാങ്ങരുത്'- എന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് തിവാരി ആവശ്യപ്പെട്ടത്. സാധാരണക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ള ആളുകളോടാണ് സുരേഷ് തിവാരി വര്‍ഗീയച്ചുവയുള്ള പരാമര്‍ശം നടത്തിയതെന്നാണ് ദി ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി സുരേഷ് തിവാരി രംഗത്തെത്തി. 'കഴിഞ്ഞ ആഴ്ച മുന്‍സിപ്പല്‍ ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പരാമര്‍ശമാണിത്. കൊറോണ വൈറസ് വ്യാപിപ്പിക്കാനായി പച്ചക്കറികളില്‍ വ്യാപാരികള്‍ തുപ്പുന്നുവെന്ന് ആളുകള്‍ പരാതിപ്പെട്ടതോടെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്' എന്നും സുരേഷ് തിവാരി ദി ഇന്ത്യന്‍ എക്പ്രസിനോട് പ്രതികരിച്ചു. സാഹചര്യങ്ങള്‍ മാറുമ്പോള്‍ എന്ത് വാങ്ങണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും തിവാരി പറയുന്നു. 

താന്‍ ഒരു അഭിപ്രായപ്രകടനം നടത്തുക മാത്രമായിരുന്നു എന്നും തിവാരി അവകാശപ്പെടുന്നു. തന്‍റെ അഭിപ്രായം ആളുകള്‍ പിന്തുടരുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദേഹം വ്യക്തമാക്കി. തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ ചെയ്തതെന്താണെന്ന് ദില്ലിയില്‍ നിങ്ങള്‍ കണ്ടതല്ലേയെന്ന് തിവാരി ചോദിച്ചു. എന്നാല്‍ തിവാരിയുടെ പരാമര്‍ശങ്ങളെ ബിജെപി വക്താവ് രാകേഷ് ത്രിപാഠി തള്ളി. സംഭവത്തില്‍ തിവാരിയോട് വിശദീകരണം ചോദിക്കുമെന്നും രാകേഷ് ത്രിപാഠി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios