Asianet News MalayalamAsianet News Malayalam

അധ്യാപകര്‍ ക്ലാസ്സില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിച്ചെടുക്കും: മൊബൈല്‍ പോളിസിയുമായി ആന്ധ്ര സര്‍ക്കാര്‍

യുനെസ്‌കോയുടെ 2023ലെ ഗ്ലോബൽ എജ്യുക്കേഷണൽ മോണിറ്ററിങ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി

No phones for teachers in classrooms Andhra govt
Author
First Published Aug 30, 2023, 4:01 PM IST

ഹൈദരാബാദ്: അധ്യാപകര്‍ ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി ആന്ധ്ര സര്‍ക്കാര്‍. ക്ലാസ് മുറിക്കുള്ളിൽ അധ്യാപകർ സെൽ ഫോൺ ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ തിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അധ്യാപകര്‍ എപ്പോഴും ഉപയോഗിച്ചില്ലെങ്കിലും ക്ലാസിനുള്ളില്‍ ഫോണുമായി വരുമ്പോള്‍ കുട്ടികള്‍ക്ക് ശ്രദ്ധയോടെ ക്ലാസിലിരിക്കാന്‍ കഴിയില്ലെന്ന യുനെസ്‌കോയുടെ 2023ലെ ഗ്ലോബൽ എജ്യുക്കേഷണൽ മോണിറ്ററിങ് റിപ്പോർട്ട് ഉദ്ധരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

ഈ മാസം ആദ്യം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബോച്ച സത്യനാരായണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അധ്യാപകരുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ ധാരണയായത്. അധ്യാപകർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പല അധ്യാപകരും ക്ലാസ് മുറികളിൽ മൊബൈൽ ഫോണുകൾ എടുക്കുന്നത് അവരുടെ വ്യക്തിപരമായ ആവശ്യത്തിനാണെന്നും പ്രൊഫഷണൽ ആവശ്യത്തിനല്ലെന്നും ആന്ധ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതോടെ ക്ലാസ്റൂമിലെ അധ്യാപന സമയം കുട്ടികളുടെ പുരോഗതിക്കു വേണ്ടില്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.  

അധ്യാപകർ സ്കൂളിലെത്തി ഉടൻ തന്നെ ഫോണ്‍ സൈലന്‍റ് മോഡിലാക്കണം. ക്ലാസ് മുറിയില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ശിക്ഷയുണ്ട്. ആദ്യത്തെ തവണയാണെങ്കില്‍ ഹെഡ്മാസ്റ്ററോ ഇൻസ്പെക്ഷൻ ഓഫീസറോ ഫോണ്‍ പിടിച്ചെടുത്ത് ആ ദിവസത്തെ സ്കൂള്‍ സമയം അവസാനിക്കുന്നതുവരെ ഓഫീസില്‍ സൂക്ഷിക്കണം. കുറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയാല്‍ മാത്രമേ അധ്യാപകന് ഫോണ്‍ തിരികെ ലഭിക്കൂ. രണ്ടാം തവണയും ഫോണ്‍ ഉപയോഗിച്ചാല്‍ വിദ്യാഭ്യാസ ഓഫീസറെ (എംഇഒ) അറിയിക്കണം. വീണ്ടുമൊരു തവണ കൂടി മുന്നറിയിപ്പ് നല്‍കി ഫോണ്‍ തിരികെ നല്‍കും. 

മൂന്നാം തവണയും അധ്യാപകന്‍ മൊബൈല്‍ ഫോണ്‍ പോളിസി ലംഘിച്ചാല്‍ ഫോൺ പിടിച്ചെടുത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് (ഡിഇഒ) അയയ്ക്കും. സർവീസ് ബുക്കിൽ നിയമലംഘനം രേഖപ്പെടുത്തിയ ശേഷം മാത്രമേ അധ്യാപകന് ഫോൺ തിരികെ നൽകൂ. അധ്യാപകര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ പ്രധാനാധ്യാപകരോട് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios