ഏപ്രില്‍ 15ന് സര്‍വ്വീസ് പുനഃരാരംഭിക്കുന്നതിന് പിന്നാലെ യാത്ര ചെയ്യാനുള്ള പ്രോട്ടോകോള്‍ എന്ന പേരില്‍ നിര്‍ദ്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. 

ദില്ലി: ഏപ്രില്‍ പതിനഞ്ച് മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ. ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് തീരുന്നതോടെ, തൊട്ടടുത്ത ദിവസം മുതല്‍ ട്രെയിന്‍ സര്‍വ്വീസ് പുനഃരാരംഭിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചാല്‍ പുതിയ പ്രോട്ടോകേള്‍ പ്രകാരമാണ് യാത്ര ചെയ്യേണ്ടതെന്ന വാര്‍ത്തകളും ഇന്ത്യന്‍ റെയില്‍വെ തള്ളി. 

ഏപ്രില്‍ 15ന് സര്‍വ്വീസ് പുനഃരാരംഭിക്കുന്നതിന് പിന്നാലെ യാത്ര ചെയ്യാനുള്ള പ്രോട്ടോകോള്‍ എന്ന പേരില്‍ നിര്‍ദ്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റെയില്‍വെ സ്റ്റേഷനില്‍ എത്തണമെന്നും തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷം മാത്രമേ ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കുന്നത്. 

കൊവിഡ് പ്രതിരോധിക്കേണ്ട ഈ ഘട്ടത്തില്‍ ട്രെയിന്‍ സര്‍വ്വീസുകളെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. ട്രെയിന്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്താല്‍ അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ റെയില്‍വെ ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു.