ബെംഗളൂരു പുലികേശി നഗറിലെ സ്ഫോടനത്തിൽ തീവ്രവാദ ബന്ധമില്ലെന്നും വ്യക്തി വൈരാഗ്യമാണ് കാരണമെന്നും പൊലീസ്. അസം സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചാറ്റ് ജി പി ടിയുടെ സഹായത്തോടെ നിർമിച്ച ഐ ഇ ഡി ഉപയോഗിച്ചാണ് പ്രതികൾ സ്ഫോടനം നടത്തിയത്

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു പുലികേശി നഗർ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് പൊലീസ്. സംഭവത്തിൽ അസം സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനോട് പിടിയിലായവർക്കുണ്ടായ വ്യക്തി വൈരാഗ്യമാണ് സ്ഫോടനത്തിൽ കലാശിച്ചത് എന്നും പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തിന് ഉപയോഗിച്ച ഐ ഇ ഡി പ്രതികൾ സ്വന്തം നിലയ്ക്ക് നിർമിച്ചതാണെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ആഴ്ച ദസറ ആഘോഷങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് നഗരവാസികളെ ഞെട്ടിച്ച് ബെംഗളൂരു പുലികേശി നഗർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ശക്തമായ സ്ഫോടനമുണ്ടാകുന്നത്. തീവ്രവാദ ബന്ധമുൾപ്പെടെ സംശയിക്കപ്പെട്ട സ്ഫോടനം അന്വേഷിക്കുന്നതിനായി എൻ ഐ എ ഉൾപ്പെടെ രംഗത്തെത്തിയിരുന്നുവെങ്കിലും അത്തരം ആശങ്കകളെ എല്ലാം തള്ളി യഥാർത്ഥ പ്രതികളെ പിടികൂടിയിരിക്കുകയാണ് ബെംഗളൂരു പൊലീസ്.

പ്രതികൾ അസം സ്വദേശികൾ

അസം സ്വദേശികളായ മൂന്നുപേരാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. രണ്ടുപേരെ അസമിൽ നിന്ന് ഒരാളെ കർണാടകയിലെ റായ്ച്ചൂർ ജില്ലയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. അസമിലെ ധീനത്പൂർ സ്വദേശിയായ സാഹിദ് ഉൾ ഹുസൈൻ ബാർബിയ ആണ് സ്ഫോടനം ആസൂത്രണം ചെയ്തത്. ഇയാളുടെ ബന്ധുക്കളായ സാജുദുൽ ഇസ്ലാം ലസ്കർ, ബുർഹാൻ അഹമ്മദ് ബാർബിയ എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേർ. ഒന്നാം പ്രതിയും സൂത്രധാരനുമായ സാഹിദ് ഉൾ ഹുസൈൻ ബാർബിയക്ക് സ്ഫോടനം നടന്ന കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ അലാവുദ്ദീനുമായുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ വിവാഹം ഉപേക്ഷിക്കപ്പെടാൻ കാരണം അലാവുദ്ദീനായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഇതിന് പകരം വീട്ടാൻ പ്രതികൾ റായ്ച്ചൂരിൽ വച്ചാണ് സ്ഫോടകവസ്തു നിർമിച്ചത്. പിന്നീട് ബസ് മാർഗം ബെംഗളൂരുവിലെത്തിച്ച് പുലികേശി നഗറിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുന്നിൽ ഉപേക്ഷിച്ചു. തുടർന്ന് അലാവുദീനെ ഫോൺ ചെയ്ത് പാഴ്സൽ ഉണ്ടെന്ന് അറിയിച്ചു. ടോർച്ചിനുള്ളിൽ നിറച്ചുവച്ച സ്ഫോടകവസ്തു അടങ്ങിയ പെട്ടി അലാവുദ്ദീൻ ഫ്ലാറ്റിലെ പെയിന്ററുടെ സഹായത്തോടെ തുറക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പെയിന്റർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അലാവുദീന് നിസാര പരിക്കേ പറ്റിയുള്ളൂ. സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചും അസമിൽ ഉൾപ്പെടെ എത്തി നടത്തിയ അന്വേഷണത്തിനൊടുവിലും ആണ് പ്രതികളെ വലയിലാക്കാനായത് എന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ചാറ്റ് ജി പി ടിയുടെ സഹായത്തോടെയാണ് പ്രതികൾ സ്ഫോടക വസ്തു നിർമിച്ചത് എന്നും പൊലീസ് വ്യക്തമാക്കി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player