ദില്ലി: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പിൽ ഇന്ത്യ ഭയക്കേണ്ടതില്ല. അതിശക്തമായ ഭൂചലനവും സുനാമി മുന്നറിയിപ്പും ഇന്ത്യൻ തീരത്തുള്ളവർക്ക് ഭീതി ഉയർത്തുന്നതല്ലെന്നാണ് ദേശീയ  സമുദ്ര വിവര സേവന കേന്ദ്രം(INCOIS) വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നതെന്ന് ദേശീയ ഭൂചലന പഠന കേന്ദ്രം അറിയിക്കുന്നു. ആദ്യം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇപ്പോൾ ഈ ഭൂചലനം ഇന്ത്യക്ക് വെല്ലുവിളിയല്ല എന്ന് ദേശീയ  സമുദ്ര വിവര സേവന കേന്ദ്രം ഡയറക്ടർ എസ്എസ്‌സി ഷേണായി പറഞ്ഞു.  ദേശീയ  സമുദ്ര വിവര സേവന കേന്ദ്രവും ദേശീയ ഭൂചലന പഠന കേന്ദ്രവും കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.