'യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയും വേണം', G20 നിർണ്ണായകമെന്ന് മുഹമ്മദ് എൽബരാദേയ്
ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും വേഗം പരിഹരിക്കപ്പെടണമെന്നും മുഹമ്മദ് എല്‍ബരാദേയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ദില്ലി: അടിയന്തരമായി യുഎന്‍ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്നും അതില്‍ ഇന്ത്യയും ഉണ്ടായിരിക്കണമെന്നും രക്ഷാസമിതിക്ക് സമാനമായ ഒരു താൽക്കാലിക കൂട്ടായ്മയായി ജി20ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും സമാധാന നൊബേല്‍ പുരസ്കാര ജേതാവും ഈജിപ്ഷ്യന്‍ മുന്‍ വൈസ് പ്രസിഡന്‍റുമായ മുഹമ്മദ് എല്‍ബരാദേയ്. ആഗോള സഹകരണം മാത്രമാണ് സമാധാനത്തിനുള്ള വഴിയെന്നും ഏഷ്യാനെറ്റ് ന്യൂസിനായി മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസൻ നടത്തിയ അഭിമുഖത്തില്‍ മുഹമ്മദ് എല്‍ബരാദേയ് പറഞ്ഞു. ഇപ്പോഴത്തെ ആഗോള സാഹചര്യം വളരെ അപകടകരമാണെന്നും മാറ്റം ആവശ്യമാണെന്നും മുന്നോട്ടുപോകേണ്ടതുണ്ടെന്നും എല്‍ബരാദേയ് പറഞ്ഞു. സമൂഹത്തില്‍ പലതരത്തിലുള്ള അനീതിയാണ് നിലനില്‍ക്കുന്നത്. പരസ്പരമുള്ള വിശ്വാസ്യത നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഗോള സഹകരണം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല.
യുദ്ധത്തില്‍ ആര്‍ക്കും ജയമുണ്ടാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം എന്നിട്ടും ഒന്നും മാറുന്നില്ല. ആഗോള സമാധാനത്തിനും സുരക്ഷക്കും യുഎന്‍ രക്ഷാസമിതിക്ക് ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ഇപ്പോള്‍ രക്ഷാ സമിതി പ്രവര്‍ത്തനരഹിതമാണ്. ഇങ്ങനെ പോയാല്‍ ആരും ജയിക്കാന്‍ പോകുന്നില്ല. റഷ്യ-യുക്രൈന്‍ യുദ്ധം ലോകത്തെയാകെയാണ് ബാധിക്കുന്നത്. ഇതിനെല്ലാം പരിഹരമായി എല്ലാവര്‍ക്കും ഒന്നിച്ച് മുന്നേറാനുള്ള സാഹചര്യത്തിനുള്ള കൂട്ടായ നയം ഉണ്ടാകണം. റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുഎൻ അപ്രസക്തമായി. യാതൊരു അധികാരവുമില്ലാതായെന്ന് അന്റോണിയോ ഗുട്ടെറസ് തന്നെ സമ്മതിച്ചു. റഷ്യക്ക് യുഎൻ രക്ഷാസമിതിയിൽ വീറ്റോ അധികാരമുണ്ടായിരിക്കെ യുദ്ധമെങ്ങനെ അവസാനിക്കുമെന്നും എല്‍ബരാദേയ് ചോദിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ അടിയന്തരമായി രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിലെ ഏഴിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യയില്ലാതെ എങ്ങനെ യുഎൻ രക്ഷാസമിതിക്ക് ഇനിയും തുടരാനാകും? രക്ഷാസമിതിക്ക് സമാനമായ ഒരു താൽക്കാലിക കൂട്ടായ്മയായി പ്രവർത്തിക്കാൻ ജി-20ക്ക് കഴിയുമെന്നും സമാധാനത്തിനുള്ള ഏകവഴി അന്താരാഷ്ട്ര സഹകരണം മാത്രമാണെന്നും എല്‍ബരാദേയ് പറഞ്ഞു.
ഖലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെ ഉടലെടുത്ത ഇന്ത്യ - കാനഡ തർക്കം പരിഹരിക്കപ്പെടണമെന്നും എല്‍ബരാദേയ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ജനാധിപത്യത്തിന് ഭൂഷണമല്ല. തര്‍ക്കും ആര്‍ക്കും ഗുണകരമാകില്ല. തര്‍ക്കം ഉടന്‍ പരിഹരിക്കപ്പെടണം. തീവ്രവാദത്തെ കൂടുതൽ കരുത്തോടെ കാനഡ നേരിടണം. ലോകത്തെവിടെ പോയാലും കഠിനാധ്വാനികളും ബുദ്ധിമാൻമാരുമായ ഇന്ത്യക്കാരെ കാണാം. കാനഡയുടെ വികസനത്തിന് ഇന്ത്യക്കാര്‍ വഹിക്കുന്ന പങ്ക് വലുതാണ്. എല്ലാ രാജ്യത്തും ഇന്ത്യക്കാര്‍ പല മേഖലയില്‍ മുന്നിലുണ്ട്. അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസ്ഥിരമായ ലോകത്തെ പുതിയ തലമുറക്ക് കൈമാറാന്‍ നമുക്കെല്ലാം ഉത്തരവാദിത്വമുണ്ടെന്നും എല്‍ബരാദേയ് കൂട്ടിചേര്‍ത്തു.
അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം കാണം: