ദില്ലി: രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് 2021 ജനുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്ന അസം കാബിനറ്റ് തീരുമാനത്തിനെതിരെ വിമർശനമുന്നയിച്ച് രാജ്യസഭാ എംപിയും അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവിയുമായ രിപുൻ ബോറ. ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും രണ്ട് കുട്ടികളുടെ നയം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് രിപുൻ ബോറ പറഞ്ഞു.

'ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും രണ്ട് കുട്ടികൾ നയം അടിച്ചേൽപ്പിക്കാൻ കഴിയില്ല. വിദ്യാഭ്യാസം വിപുലമായ രീതിയിൽ വികസിപ്പിക്കുകയും അവബോധം വ്യാപിപ്പിക്കുകയും ചെയ്യുന്നതിലൂടെ എല്ലാവരും രണ്ട് കുട്ടികളുടെ നയത്തെ സ്വമേധയാ സ്വീകരിക്കുന്നു. അത് ആളുകളിൽ അടിച്ചേൽപ്പിക്കുന്നത് ഫലപ്രദമാകില്ല'- രിപുൻ ബോറ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Read More: രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് 2021 മുതല്‍ സര്‍ക്കാര്‍ ജോലിയില്ല; തീരുമാനം പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

നമ്മുടേത് ഒരു മതേതര രാജ്യമാണ്, നമ്മുടെ ഭരണഘടന മതേതരത്വത്തിൽ വിശ്വസിക്കുന്നു. അതിനാൽ എല്ലാ വിഭാഗങ്ങളുടെയും മതവികാരങ്ങളെ നാം മാനിക്കണമെന്നും രിപുൻ ബോറ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് 2021 മുതൽ സർക്കാർ ജോലി നൽകേണ്ടെന്ന് അസം മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്‍റെ പബ്ലിക് റിലേഷന്‍ സെല്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 2017 ല്‍ അസം സര്‍ക്കാര്‍ ജനസംഖ്യ - സ്ത്രീ ശാക്തീകരണ നയം നിയമസഭയില്‍ പാസാക്കിയിരുന്നു.  രണ്ട് കുട്ടികള്‍  ഉള്ളവര്‍ മാത്രമാണ് സര്‍ക്കാര്‍ ജോലിക്ക് യോഗ്യരെന്ന് നയം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, നിലവിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഈ നയം പിന്തുടരണമെന്നും ആവശ്യപ്പെടുന്നു.