ലഖ്നൗ: നടിയും ബിജെപി നേതാവുമായ ജയപ്രദക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ചട്ട ലംഘനം നടത്തിയെന്ന കേസിലാണ് രാംപുര്‍ കോടതി ജയപ്രദക്ക് വാറന്‍റ് അയച്ചത്. ഏപ്രില്‍ 20ന് അടുത്ത വാദം കേള്‍ക്കും. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജയപ്രദക്കെതിരെ വാറന്‍റ് പുറപ്പെടുവിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടിയുടെ അസം ഖാന്‍ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരമായിരുന്നു ജയപ്രദയുടേതും അസംഖാന്‍റെയും. തെരഞ്ഞെടുപ്പിന് മുമ്പ് സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചാണ് ജയപ്രദ ബിജെപിയിലെത്തിയത്. ജയപ്രദക്കെതിരെ ''കാക്കി അടിവസ്ത്രം'' പരാമർശത്തില്‍ അസം ഖാനെതിരെ കേസെടുത്തിരുന്നു.