ദില്ലി: ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കുന്നതിനിടെ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവിന്റെ ട്വീറ്റ്. ദേശീയ പൗരത്വ രജിസ്റ്ററിൽ പേരില്ലാത്തത് കൊണ്ട് മാത്രം ആരെയും വിദേശിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്ററിൽ വ്യക്തമാക്കി.

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർക്ക് ഫോറിനേർസ് ട്രൈബ്യൂണലിൽ ഹർജി നൽകാവുന്നതാണെന്ന് വക്താവ് പറഞ്ഞു. അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി 60 ദിവസത്തിൽ നിന്ന് 120 ദിവസമാക്കി ഉയർത്തിയിട്ടുണ്ടെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും വക്താവ് വ്യക്തമാക്കി. നിയമ സഹായം വേണ്ടവർക്ക് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി വഴി ഇത് ലഭ്യമാക്കുമെന്നും അവർ വിശദീകരിച്ചിട്ടുണ്ട്.