Asianet News MalayalamAsianet News Malayalam

നോണ്‍വെജ് ഭക്ഷണം പരസ്യമായി വില്‍ക്കാന്‍ പാടില്ല; വിലക്കേര്‍പ്പെടുത്തി ഗുജറാത്തിലെ നഗരസഭ

എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും തട്ടുകടകളും വഴി വ്യാപാരങ്ങളും 15 ദിവസത്തിനുള്ളില്‍ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് പട്ടേല്‍ പറഞ്ഞു.

Non Veg Food Stalls to Be Removed From Public Display Vadodara Civic Body
Author
Vadodara, First Published Nov 12, 2021, 5:57 PM IST

വഡോദര: നോണ്‍ വെജ് ഭക്ഷണ സാധാനങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് വിലക്കി ഗുജറാത്തിലെ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. നഗരത്തിലെ വഴിയോര കടകളും, ഭക്ഷണ ശാലകളും ഇത്തരത്തില്‍ മത്സ്യവും മാംസവും പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍ക്കരുത് എന്നാണ് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.

മതവികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നാണ് പട്ടേല്‍ പറയുന്നത്. മത്സ്യം, മാംസം, മുട്ട എന്നിവ ഉള്‍പ്പടെ എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും തട്ടുകടകളും വഴി വ്യാപാരങ്ങളും 15 ദിവസത്തിനുള്ളില്‍ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് പട്ടേല്‍ പറഞ്ഞു. ഇതിനായി നഗരസഭ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 

ഭക്ഷണശാലകളിലെ ഭക്ഷണങ്ങള്‍ പ്രധാനമായും മത്സ്യം, മാംസം മുട്ട തുടങ്ങിയ വില്‍ക്കുന്നവര്‍ അത് നന്നായി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ശുചിത്വം ഉറപ്പാക്കാന്‍ അത് അത്യവശ്യമാണ്. പ്രധാന റോഡുകളുടെ സമീരത്തുള്ള കടകള്‍ അവിടെ നിന്നും നീക്കം ചെയ്യുമെന്നും ഇദ്ദേഹം പറഞ്ഞു.

അതേ സമയം സുതാര്യമായ കവര്‍ ഉപയോഗിച്ച് പൊതിഞ്ഞ് നോണ്‍ വെജ് പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കുമോ എന്ന ചോദ്യത്തിന് പട്ടേല്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്, മാംസാഹാരം വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിക്കുന്നത് ശീലമായിരിക്കാം, എന്നാല്‍ അത് തിരുത്തേണ്ട സമയം ആയിരിക്കുന്നു. പച്ചമാംസവും മുട്ടയും വില്‍ക്കുന്ന കടകള്‍ക്ക് ഇത് ബാധകമാണ് എന്ന് പട്ടേല്‍ പറയുന്നു.

15 ദിവസത്തിനകം ഇത് പാലിക്കാത്ത കടകള്‍ക്ക് പിഴ ചുമത്തും. ഈ തീരുമാനം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനം സംബന്ധിച്ച് അറിയിപ്പ് കിട്ടിയില്ലെന്നാണ് മുനിസിപ്പല്‍ കമ്മീഷ്ണറും, ഭരണവിഭാഗം ഉദ്യോഗസ്ഥരും പറയുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. 

ഏതാനും ദിവസം മുന്‍പ് സമാനമായ ഉത്തരവ് ഗുജറാത്തിലെ രാജ്കോട്ട് നഗരസഭ മേയര്‍ പുറപ്പെടുവിച്ചിരുന്നു. നോണ്‍വെജ് ഭക്ഷണ സാധനം വില്‍ക്കുന്ന സ്റ്റാളുകള്‍ മാംസ ഭക്ഷണം വില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റണമെന്നാണ് ഉത്തരവ് രാജ്കോട്ട് നഗരസഭ പുറപ്പെടുവിച്ചത്.

Follow Us:
Download App:
  • android
  • ios