അസംബ്ലി മന്ദിരത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഗവര്‍ണറെ തടഞ്ഞുവെന്നും തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന നാലാം നമ്പര്‍ ഗേറ്റിലൂടെയാണ് ...

കൊല്‍ക്കത്ത: ബംഗാളില്‍ തുടരുന്ന മുഖ്യമന്ത്രി - ഗവര്‍ണര്‍ പോര് പുതിയ വഴിത്തിരിവിലേക്ക്. അസംബ്ലി മന്ദിരത്തില്‍ പ്രവേശിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നാണ് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിന്‍റെ ആരോപണം. 

അസംബ്ലി മന്ദിരത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഗവര്‍ണറെ തടഞ്ഞുവെന്നും തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന നാലാം നമ്പര്‍ ഗേറ്റിലൂടെയാണ് അദ്ദേഹം പ്രവേശിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിന് തന്നെ അപമാനമാണ് തന്നെ തടഞ്ഞ നടപടിയെന്ന് ഗവര്‍ണര്‍ ആരോപിച്ചുവെന്ന് പിടിഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവര്‍ണര്‍ക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ളതാണ് മൂന്നാം നമ്പര്‍ ഗേറ്റ്. ആ കവാടം അടച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

'' എന്തിനാണ് മൂന്നാം നമ്പര്‍ ഗേറ്റ് അടച്ചത് ? അസംബ്ലി നിര്‍ത്തിയെന്നാല്‍ ഗേറ്റ് അടക്കണമെന്ന് അര്‍ത്ഥമില്ല'' ഗവര്‍ണര്‍ പറഞ്ഞു. സൗകര്യങ്ങള്‍ വിലയിരുത്താന്‍ താന്‍ അസംബ്ലിയും ലൈബ്രറിയും സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍ നേരത്തേ സ്പീക്കറെ അറിയിച്ചിരുന്നു.