ബെംഗളുരു: കുമാരസ്വാമിയുടെ കോൺഗ്രസ് - ജെഡിഎസ് സഖ്യസർക്കാർ താഴെ വീണതോടെ ബിജെപിയുടെ ബി എസ് യെദിയൂരപ്പ നാലാം വട്ടവും കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് ആറരയോടെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. 

സത്യപ്രതിജ്ഞ ചെയ്ത ശേഷം യെദിയൂരപ്പ ആദ്യം നടത്തിയ പ്രഖ്യാപനം വർഷത്തിൽ രണ്ടായിരം രൂപ രണ്ട് ഗഡുവായി കർഷകർക്ക് നൽകും എന്നതാണ്. തന്‍റെ സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് ബിജെപി പ്രവർത്തകരോടുള്ള പ്രസംഗത്തിൽ യെദിയൂരപ്പ പറഞ്ഞു. എന്നാൽ പകപോക്കലിന്‍റെ രാഷ്ട്രീയമാകില്ല തന്‍റേത്. ഭരണസംവിധാനം എങ്ങനെ കാര്യക്ഷമമായി നടത്താമെന്ന് കാണിച്ചുകൊടുക്കും. പ്രതിപക്ഷത്തെയും ഒപ്പം കൂട്ടുമെന്നുംയെദിയൂരപ്പ വ്യക്തമാക്കി.

ഒരു കാലത്ത് ബിജെപി 'വിമതൻ' ...

ഭാഗ്യവും തന്ത്രവും ഒരേ അളവിൽ തുണച്ച അധികാരവഴിയാണ് ബി എസ് യെദിയൂരപ്പയുടേത്. ജാതിസമവാക്യങ്ങൾ വിധി നിർണയിക്കുന്ന കർണാടക രാഷ്ട്രീയത്തിൽ യെദിയൂരപ്പയെന്ന ലിംഗായത്ത് നേതാവിനെ മാറ്റി നിർത്തുക ബിജെപിക്ക് എളുപ്പമല്ല. എഴുപത്തിയാറാം വയസ്സിൽ, നാലാം തവണ മുഖ്യമന്ത്രിയാകുമ്പോൾ കാലാവധി തികയ്ക്കാൻ ആവുമോ അദ്ദേഹത്തിനെന്ന് ഉറപ്പില്ല.

കർണാടക ബിജെപിയുടെ പകരംവെക്കാനില്ലാത്ത നേതാവ് ബി എസ് യെദിയൂരപ്പയാണ്. കർണാടക ബിജെപി കണ്ട കരുത്തുറ്റ വിമതനും  യെദിയൂരപ്പ തന്നെ. അഴിമതിക്കേസുകളിൽ മുങ്ങി 2011-ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയപ്പോൾ യെദിയൂരപ്പ പാർട്ടിയിൽ നിന്ന് തന്നെ പുറത്തുപോയി. 'കർണാടക ജനത പക്ഷ' ഉണ്ടാക്കി. 2013-ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അടിവേരിളക്കി. ഗത്യന്തരമില്ലാതെ ശിവമൊഗ്ഗയിലെ ലിംഗായത്ത് നേതാവിനെ ബിജെപി തിരിച്ചുവിളിച്ചു.

ദക്ഷിണേന്ത്യയിൽ ബിജെപി സാന്നിധ്യം ഉറപ്പിച്ചത് കർണാടകത്തിൽ യെദിയൂരപ്പയാണ്. 2006-ൽ ജെഡിഎസിനൊപ്പം സർക്കാരുണ്ടാക്കി. കുമാരസ്വാമിക്ക് കീഴിൽ ഉപമുഖ്യമന്ത്രി. കുമാരസ്വാമി വാക്കുമാറിയെങ്കിലും 2007-ൽ യെദിയൂരപ്പ മുഖ്യമന്ത്രിയായി. ഏഴ് ദിവസത്തെ ആയുസ്സ് മാത്രം. 2008-ൽ ബിജെപി ഭൂരിപക്ഷത്തിലെത്തി. മൂന്ന് വർഷത്തിന് ശേഷം അഴിമതിക്കേസുകളിൽ കുടുങ്ങി പുറത്തുപോയി. 

2018ൽ ഒരു ദിവസത്തെ ആയുസ്സ് മാത്രം മുഖ്യമന്ത്രിക്കസേരയിൽ. കോൺഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കിയപ്പോൾ യെദിയൂരപ്പ വീണു.

സത്യപ്രതിജ്ഞ കഴിഞ്ഞാലും വെല്ലുവിളികളുണ്ട്

അവസാനിക്കാത്ത അഴിമതിയാരോപണങ്ങൾക്കിടയിൽ മധുരപ്രതികാരമാണ് നാലാം വരവ്. എത്ര ദിവസം എന്നത് ഇപ്പോഴും ചോദ്യമാണ്. കേവലഭൂരിപക്ഷമില്ല. ഉപതെരഞ്ഞെടുപ്പുകളിൽ കാലിടറിയാൽ കാലാവധി പൂർത്തിയാക്കാതെ നാലാമൂഴവും തീരും. വിമതരെ ഒപ്പം നിർത്താൻ വിട്ടുവീഴ്ചകൾ ഏറെ വേണ്ടിവരും. പാർട്ടിയിൽ പടലപ്പിണക്കങ്ങൾക്ക് സാധ്യതയേറെ. സർക്കാരുണ്ടാക്കാനും മറിച്ചിടാനും വീര്യമുളള യെദിയൂരപ്പ തന്ത്രം, പരീക്ഷിക്കപ്പെടുന്ന നാളുകൾ വരാനിരിക്കുകയാണ്.

224 അംഗ നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ഇപ്പോഴും ബിജെപിക്കുള്ളൂ. കേവലഭൂരിപക്ഷമില്ല. പക്ഷേ 16 വിമതർ പുറത്തുപോയാൽ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 104 ആയി കുറയും. അതിനേക്കാൾ ഒരാളുടെ പിന്തുണ കൂടുതലുണ്ട് ബിജെപിക്ക്. ഈ ബലത്തിലാണ് യെദിയൂരപ്പയുടെ സർക്കാർ നിലനിൽക്കുന്നത്. തിങ്കളാഴ്ചയാണ് വിശ്വാസവോട്ടെടുപ്പെന്ന കടമ്പ.

രാജി സ്വീകരിക്കപ്പെട്ടാലോ, 16 പേരും അയോഗ്യരാക്കപ്പെട്ടാലോ, ബിജെപിയുടെ പിന്തുണ 105 + ഒരു വിമതൻ എന്നിങ്ങനെയാകും. കോൺഗ്രസിന്‍റെ എണ്ണം വെറും 65 ആകും. ജെഡിഎസ് 34 മാത്രം. അങ്ങനെ ആകെ മൊത്തം 99. 

അപ്പോഴും ആറ് മാസത്തേക്ക് മാത്രമേ ഈ മന്ത്രിസഭയ്ക്ക് ആയുസ്സ് ഉറപ്പാക്കാനാകൂ. അല്ലെങ്കിൽ ഈ സീറ്റുകളിലേക്കെല്ലാം ബിജെപി ജയിക്കണം. ബിജെപിയുടെ എണ്ണത്തേക്കാൾ കൂടിയ സീറ്റുകൾ കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് കിട്ടിയാൽ യെദിയൂരപ്പയ്ക്ക് വീണ്ടും വെല്ലുവിളിയാണ്. സർക്കാരുണ്ടാക്കാൻ വീണ്ടും കോൺഗ്രസ് - ദൾ സഖ്യം അവകാശവാദമുന്നയിക്കും. അങ്ങനെയെങ്കിൽ കർണാടകയിൽ വീണ്ടും ഉടലെടുക്കും, രാഷ്ട്രീയ അനിശ്ചിതത്വം.