ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാന്‍ താല്‍പര്യമില്ലാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മോദിയെ ഇന്ത്യയുടെ പിതാവെന്ന് പരാമര്‍ശിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. 

വിദേശത്ത് താമസിക്കുന്നവര്‍ പോലും ഇന്ത്യക്കാരനെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നു. ഇത് സംഭവിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വ മികവും വ്യക്തിപരമായ സമീപനവും കാരണമാണ്. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ അഭിനന്ദിക്കുന്നത്. മറ്റ് ലോക നേതാക്കളെപ്പോലും അഭിനന്ദിക്കാന്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല.

ഈ സന്ദര്‍ഭത്തില്‍ അഭിമാനിക്കാത്തവരെ ഇന്ത്യക്കാരായി കണക്കാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ പിതാവെന്ന് പരാമര്‍ശിക്കുന്നത്.