രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് വർഷങ്ങളായി ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ്. 

ദില്ലി: വിദേശപൗരത്വവുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നോട്ടീസ്. വർഷങ്ങളായി രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് വർഷങ്ങളായി ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ്. 

തെരഞ്ഞെടുപ്പ് കാലത്താണ് ഇത്തരമൊരു നോട്ടീസ് രാഹുൽ ഗാന്ധിക്ക് അയച്ചതെന്നത് കോൺഗ്രസ് ആയുധമാക്കുകയാണ്. എന്നാൽ നോട്ടീസിൽ രാഷ്ട്രീയതാത്പര്യമില്ലെന്നും, ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അവരുടെ ജോലി ചെയ്യുകയാണെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് മറുപടി പറഞ്ഞു. 

''സുബ്രഹ്മണ്യൻ സ്വാമിയിൽ നിന്ന് കിട്ടിയ പരാതി പ്രകാരം ബാക്ക് ഓപ്‍സ് ലിമിറ്റഡ് എന്ന യുകെ കമ്പനി ഡയറക്ടർമാരിൽ ഒരാൾ താങ്കളാണെന്നാണ് രേഖകളിൽ നിന്ന വ്യക്തമാവുന്നത്. 2003-ൽ 51, സൗത്ത്ഗേറ്റ് സ്ട്രീറ്റ്, വിൻചെസ്റ്റർ, ഹാംപ്ഷയർ SO23 9EH എന്ന മേൽവിലാസത്തിൽ റജിസ്റ്റർ ചെയ്ത ഈ കമ്പനിയുടെ സെക്രട്ടറിയും താങ്കളാണ്,'' പൗരത്വകാര്യങ്ങളുടെ ഡയറക്ടർ ബി സി ജോഷി നൽകിയ കത്തിൽ പറയുന്നു. 

ജൂൺ 19, 1970 എന്നതാണ് രാഹുൽ ഗാന്ധിയുടെ ജനനത്തീയതി എന്നും, പൗരത്വം ബ്രിട്ടീഷ് ആണെന്നും കമ്പനി രേഖകളിലുണ്ടെന്നും കത്തിൽ പറയുന്നു. കമ്പനി പിരിച്ചു വിട്ടുകൊണ്ട് 2009 ഫെബ്രുവരി 17-ന് പുറത്തിറക്കിയ അപേക്ഷയിലും രാഹുലിന്‍റെ പൗരത്വം ബ്രിട്ടീഷ് ആണെന്ന് ഉണ്ടെന്നും കത്തിൽ പറയുന്നു. ഇക്കാര്യങ്ങളിൽ വിശദീകരണം വേണമെന്നാണ് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നത്. 

നേരത്തേ ഇതേ ആരോപണം ഉന്നയിച്ച് സുബ്രഹ്മണ്യൻ സ്വാമി 2015-ൽ പർലമെന്‍റ് എത്തിക്സ് കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. അന്ന് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മറുപടിയിൽ രാഹുൽ ഗാന്ധി ഈ ആരോപണം തെറ്റാണെന്നും പരാതിക്കാരൻ തന്‍റെ പേര് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മറുപടി നൽകുകയും ചെയ്തിരുന്നു. തെളിവുണ്ടെങ്കിൽ രേഖകൾ സഹിതം ആരോപണം തെളിയിക്കണമെന്നും അന്ന് രാഹുൽ സുബ്രഹ്മണ്യൻ സ്വാമിയെ വെല്ലുവിളിച്ചിരുന്നു.