Asianet News MalayalamAsianet News Malayalam

തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ലെന്ന വെല്ലുവിളിയുമായി നിത്യാനന്ദ - വീഡിയോ

"എന്‍റെ ആര്‍ജ്ജവം എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരും അതിലൂടെ യാഥാര്‍ത്ഥവും സത്യവും വെളിവാകും. ഇപ്പോള്‍ എന്നെ തൊടാന്‍ പോലും ആര്‍ക്കും ആകില്ല. ഞാന്‍ പരമശിവനാണ്, മനസിലായോ? 

Now Nobody Can Touch Me: Rape-Accused Nithyananda In Viral Video
Author
Kerala, First Published Dec 6, 2019, 9:50 PM IST

ദില്ലി: ബലാത്സംഗകേസില്‍ ആരോപണ വിധേയനായി രാജ്യംവിട്ട ആള്‍ദൈവം നിത്യാനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ലെന്ന വെല്ലുവിളിയാണ് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്ന വീഡിയോയിലൂടെ ആള്‍ദൈവം പറയുന്നത്. നവംബര്‍ 22ന് നിത്യാനന്ദ ഇന്ത്യവിട്ടുവെന്ന ഗുജറാത്ത് പൊലീസിന്‍റെ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് വീഡിയോ വൈറലായത്.

"എന്‍റെ ആര്‍ജ്ജവം എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരും അതിലൂടെ യാഥാര്‍ത്ഥവും സത്യവും വെളിവാകും. ഇപ്പോള്‍ എന്നെ തൊടാന്‍ പോലും ആര്‍ക്കും ആകില്ല. ഞാന്‍ പരമശിവനാണ്, മനസിലായോ? ഒരു വിഡ്ഢി കോടതിക്കും സത്യം വെളിപ്പെടുത്തുന്നതിന്‍റെ പേരില്‍ എന്നെ വിചാരണ ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ പരമശിവനാണ്" - വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.

തന്‍റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണ് ഈ വീഡിയോയില്‍ നിത്യാനന്ദ ഈ വീഡിയോ ഇന്ത്യയില്‍ നിന്നാണോ അല്ല പുറം രാജ്യത്ത് നിന്നാണോ എടുത്തത് എന്ന് വ്യക്തമല്ല. "എന്നിലുള്ള വിശ്വാസവും സത്യനിഷ്ഠയും പാലിക്കുന്ന നിങ്ങള്‍ക്ക് ഒരിക്കലും മരണം പോലും ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു" - എന്നും തുടര്‍ന്ന് നിത്യാനന്ദ പറയുന്നു.

കഴിഞ്ഞ ദിവസം 41 വയസുള്ള നിത്യാനന്ദ സ്വന്തമായി ഹിന്ദുരാഷ്ട്രം കൈലാസ എന്ന പേരില്‍ ആരംഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയും വൈറലായത്. അതേ സമയം ഇന്ത്യ വിട്ടുപോയി പുതിയ രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കി കേന്ദ്രം. ഇതിനുപിന്നാലെ വെബ്സൈറ്റ് ഉണ്ടാക്കുകയെന്നാല്‍ രാജ്യം സ്ഥാപിക്കുകയെന്നല്ല അര്‍ത്ഥമെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ലൈംഗികക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ നിത്യാനന്ദ അന്വേഷണം നടക്കുന്നതിനിടെയാണ് രാജ്യം വിട്ടത്. 

നിത്യാനന്ദ സ്വന്തമായി രാജ്യം പ്രഖ്യാപിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് '' ഒരു വെബ്സൈറ്റ് ഉണ്ടാക്കുകയെന്നാല്‍ രാജ്യം ഉണ്ടാക്കലല്ല'' എന്ന് രവീഷ് കുമാര്‍ പറഞ്ഞത്.  '' ഞങ്ങള്‍ അയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കി. പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷ തടഞ്ഞുവച്ചിരിക്കുകയാണ്. പൊലീസില്‍ നിന്ന് അയാള്‍ക്ക് ക്ലിയറന്‍സ് ലഭിക്കില്ല. നിത്യാനന്ദയുള്ള സ്ഥലം കണ്ടെത്തുക എളുപ്പമല്ല, വിദേശരാജ്യങ്ങളോട് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  അതിനായി കാത്തിരിക്കുകയാണ്'' - രവീഷ് കുമാര്‍ വ്യക്തമാക്കി. 

 നിത്യാനന്ദ ഇക്വഡോറിലുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യയിലെ ഇക്വഡോര്‍ എംബസി. നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി കൈലാസം എന്ന പേരില്‍ പുതിയ രാജ്യമുണ്ടാക്കി എന്നതായിരുന്നു രണ്ട് ദിവസമായി പ്രചരിച്ച വാര്‍ത്ത. എന്നാല്‍ ഇതാണ് ഇപ്പോള്‍ ഇക്വഡോര്‍ എംബസി നിഷേധിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമം ദ ന്യൂസ് മിനുട്ടിനോട് സംസാരിച്ച ഇക്വഡോര്‍ എംബസി വൃത്തങ്ങള്‍ നിത്യാനന്ദ ഇക്വഡോറിലുണ്ടെന്ന വാര്‍ത്ത നിഷേധിച്ചു. തുടര്‍ന്ന് സംഭവത്തില്‍ വിശദമായ പ്രസ്താവനയും ദില്ലിയിലെ ഇക്വഡോര്‍ എംബസി നല്‍കി. ഇക്വഡോര്‍ വ്യക്തമാക്കുന്നത് ഇതാണ്.

ഇക്വഡോറിന്‍റെ തീരത്തോ സമീപത്തോ ഒരു തരത്തിലുള്ള ഭൂമി വാങ്ങുവാനോ, രാഷ്ട്രീയ അഭയം നല്‍കാനോ ഇക്വഡോര്‍ സര്‍ക്കാര്‍ ആള്‍ദൈവം നിത്യാനന്ദയ്ക്ക് ഒരു സഹായവും നല്‍കിയില്ല. ഇക്വഡോറില്‍ അഭയാര്‍ത്ഥിയായി അഭയം നല്‍കില്ല എന്ന് വ്യക്തമായതോടെ നിത്യാനന്ദ ഹെയ്ത്തിയിലേക്ക് കടന്നുവെന്നാണ് ഇക്വഡോര്‍ പറയുന്നത്. 

ഇക്വഡോറിലാണ് നിത്യാനന്ദ എന്ന വാര്‍ത്ത വന്നത് തന്നെ നിത്യാനന്ദ അനുകൂലികള്‍ തന്നെ രൂപം നല്‍കിയ കൈലാസം എന്ന സൈറ്റിലെ വാര്‍ത്തകള്‍ വച്ചാണ്. ഇത് ശരിയല്ലെന്നും ഇത്തരം വിവരങ്ങള്‍ ശരിയല്ലെന്നും ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുത് എന്നും എംബസി ആവശ്യപ്പെടുന്നു.
 

Follow Us:
Download App:
  • android
  • ios