ഐപിസി സെക്ഷൻ 379, ഉത്തർപ്രദേശ് ഗോവധ നിരോധന നിയമം എന്നിവ പ്രകാരമാണ് ബറേലി ജില്ലയിലെ ഭോജിപുര പൊലീസ് സ്റ്റേഷനിൽ സലീമിനെതിരെ കേസെടുത്തത്.

അലഹബാദ് (യുപി): പശുവിനെ കശാപ്പ് ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ഒരു മാസം ഗോശാലയിൽ ജോലിയെടുക്കണമെന്നും രജിസ്‌റ്റർ ചെയ്‌ത പശുസംരക്ഷണ കേന്ദ്രത്തിനായി ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും ജാമ്യ വ്യവസ്ഥയായി കോടതി ആവശ്യപ്പെട്ടു. കാലിയ എന്ന സലീമിനാണ് ജാമ്യം നൽകിയത്. ജസ്റ്റിസ് ശേഖർ കുമാർ യാദവാണ് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. 

ഐപിസി സെക്ഷൻ 379, ഉത്തർപ്രദേശ് ഗോവധ നിരോധന നിയമം എന്നിവ പ്രകാരമാണ് ബറേലി ജില്ലയിലെ ഭോജിപുര പൊലീസ് സ്റ്റേഷനിൽ സലീമിനെതിരെ കേസെടുത്തത്. സലീം നിരപരാധിയാണെന്നും കൂട്ടുപ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ തെറ്റായി പ്രതിചേർക്കപ്പെട്ടതാണെന്നും അഭിഭാഷകൻ വാദിച്ചു. അപേക്ഷകനെ ജാമ്യത്തിൽ വിട്ടാൽ ബറേലിയിലെ രജിസ്റ്റർ ചെയ്ത ഗോശാലയിൽ ഒരു ലക്ഷം രൂപ നൽകാമെന്നും ഒരു മാസത്തേക്ക് ഒരു ഗോശാലയിൽ ജോലി ചെയ്യാമെന്നും അഭിഭാഷകൻ ഉറപ്പുനൽകി.

കേസിന്റെ എല്ലാ ഭാ​ഗവും പരിശോധിച്ചാണ് ജാമ്യം നൽകുന്നതെന്നും ബോണ്ടും തത്തുല്യമായ രണ്ട് ആൾജാമ്യവും വേണമെന്നും കോടതി വ്യക്തമാക്കി. സാക്ഷികൾ കോടതിയിൽ ഹാജരാകുമ്പോൾ തെളിവെടുപ്പിനായി നിശ്ചയിച്ച തീയതിയിൽ സാവകാശം തേടരുതെന്ന് അപേക്ഷകൻ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.