ദില്ലി: ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍ പാകിസ്ഥാന്‍ രാഷ്ട്രപിതാവും ഇന്ത്യാ വിഭജനത്തിനായി ശക്തമായി വാദിച്ചയാളുമായ മുഹമ്മദാലി ജിന്നയുടെ  വിജയമായി അംഗീകരിക്കലാകുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ക്ക് മേലുള്ള ജിന്നയുടെ വിജയമായി അടയാളപ്പെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും ഹിന്ദു പാകിസ്ഥാന്‍ എന്നതിലേക്ക് രാജ്യം ഒരുപടികൂടി അടുക്കുമെന്നും തരൂര്‍ വാര്‍ത്താഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കണമെന്ന് ജിന്നയുടെ ആഗ്രഹമായിരുന്നു. എന്നാല്‍, ഗാന്ധി അതിനെതിരായിരുന്നു. പൗരത്വ ഭേദഗതി ബില്ലിലൂടെ ജിന്നയുടെ വാദങ്ങളെ ബിജെപി അംഗീകരിക്കുകയാണ്. ബി.ജെ.പി ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു.  ലോക്സഭയും രാജ്യസഭയും പൗരത്വ ബില്‍ അംഗീകരിച്ചാലും ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക തത്വങ്ങളുടെ ലംഘനത്തെ സുപ്രീംകോടതി അംഗീകരിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെ ആര്‍ട്ടിക്കിള്‍ 14ലും 15ലും പറയുന്നപോലെ തുല്യക്കും മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കുമെതിരെയുള്ള അധിക്ഷേപമായി മാത്രമല്ല, ഇന്ത്യ എന്ന ആശയത്തിന് നേരെയുള്ള ആക്രമണമായാണ് കോണ്‍ഗ്രസ് ബില്ലിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ വഞ്ചിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും തരൂര്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലിം ഇതര മതസ്ഥര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് ഭേദഗതിയോടെ ബില്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുന്നത്.