ശ്രീകോവിലിന്റെ നിർമാണ പുരോഗതിയെ കുറിച്ചും രാമ വിഗ്രഹ പ്രതിഷ്ഠയുടെ  നടപടിക്രമങ്ങളെ കുറിച്ചുമെല്ലാം ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ വിശദീകരിച്ചു

ദില്ലി: 2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയതോടെ തുടങ്ങിയ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. 2024 ജനുവരിയില്‍ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കും. ഈ ഘട്ടത്തില്‍ ശ്രീകോവിലിന്റെ നിർമാണ പുരോഗതിയെ കുറിച്ചും രാമ വിഗ്രഹ പ്രതിഷ്ഠയുടെ നടപടിക്രമങ്ങളെ കുറിച്ചും പ്രതീക്ഷിക്കുന്ന ഭക്തരുടെ എണ്ണത്തെ കുറിച്ചുമെല്ലാം ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ വിശദീകരിച്ചു.

ശ്രീകോവിലിനു മുന്നിൽ നിൽക്കുമ്പോൾ മിശ്ര പറഞ്ഞതിങ്ങനെ- "ശ്രീരാമന്‍റെ വിഗ്രഹം നിര്‍മിക്കാന്‍ മൂന്ന് ശില്‍പ്പികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിഗ്രഹത്തിന്‍റെ ഉയരം, പ്രായം, കയ്യിലെ അമ്പും വില്ലും തുടങ്ങിയ വിശദാംശങ്ങള്‍ അവര്‍ക്ക് നല്‍കി. ശില്‍പ്പികള്‍ നിര്‍മിക്കുന്ന മൂര്‍ത്തികളിലൊന്ന് ട്രസ്റ്റി സംഘം തെരഞ്ഞെടുക്കും. അതാണ് പ്രതിഷ്ഠിക്കുക."

പ്രാർത്ഥനയും പ്രതിഷ്ഠാ ചടങ്ങുകളും 2024 ജനുവരി 14 ന് ആരംഭിക്കുമെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു- "പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മറുപടി ലഭിച്ചിട്ടില്ല. ജനുവരി 24നുള്ളിൽ, പ്രധാനമന്ത്രി തീരുമാനിക്കുന്ന ദിവസം പ്രതിഷ്ഠ നടത്തും. അടുത്ത ദിവസം മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നിലവിലെ ക്ഷേത്രത്തിലുള്ള ഭഗവാനെ, ശ്രീരാമ ഭഗവാന്‍റെ തൊട്ടുമുന്നില്‍ പ്രതിഷ്ഠിക്കും." 

2023 ഡിസംബറോടെ ക്ഷേത്രത്തിന്‍റെ താഴികക്കുടം നിര്‍മാണം പൂർത്തിയാകുമെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. പ്രതിഷ്ഠയ്ക്ക് ശേഷം ഭക്തര്‍ക്ക് വരാനും പ്രാര്‍ത്ഥിക്കാനുമുള്ള സൌകര്യത്തിനായി ചില ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ വെയ്ക്കും. ഭക്തര്‍ക്ക് സുരക്ഷിതമായി ദര്‍ശനം നടത്താനുള്ള സൌകര്യമൊരുക്കും. ഇരുവശത്തായി രണ്ട് വരികളിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. ക്ഷേത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ സവിശേഷതകളിൽ ഒന്നാണ് ഗോപുരമെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു.

പ്രതിദിനം എത്തുക 1,25,000 ഭക്തര്‍

പ്രതിദിനം 1,25,000 ഭക്തര്‍ രാമക്ഷേത്രത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മിശ്ര പറഞ്ഞു. 12 മണിക്കൂർ ക്ഷേത്രം തുറന്നിരിക്കുന്നതിനാൽ ഓരോ ഭക്തനും 25 സെക്കൻഡ് ശ്രീരാമ ദര്‍ശനത്തിന് സമയം ലഭിക്കും. രാമനവമി ദിനങ്ങളില്‍ ഭക്തരുടെ എണ്ണം 300000 മുതൽ 500000 വരെ ഉയരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാമനവമി ദിനം വളരെ പ്രധാനപ്പെട്ടതാണ്. ഉച്ചയ്ക്ക് 12 മണിക്ക് സൂര്യരശ്മികൾ ഗോപുരത്തിലൂടെ പ്രവേശിച്ച് രാമ വിഗ്രഹത്തിന്‍റെ നെറ്റിയിൽ പതിക്കും. ഈ ആകാശ ദൃശ്യം സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (സിബിആര്‍ഐ) പൂനെയിലെ ജ്യോതിശാസ്ത്ര വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ദൃശ്യം എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്ന വിധത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ഉപകരണം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭക്തര്‍ക്ക് ഈ ദൃശ്യം കാണാനായി ക്ഷേത്ര സമുച്ചയത്തില്‍ വിവിധ സ്ക്രീനുകള്‍ സ്ഥാപിക്കുമെന്നും നൃപേന്ദ്ര മിശ്ര വിശദീകരിച്ചു.

നേരിട്ട വെല്ലുവിളികൾ ചില്ലറയല്ല! രാമക്ഷേത്ര നിർമ്മാണത്തിലെ നാഴികക്കല്ലുകൾ വിവരിച്ച് മിശ്ര; പ്രത്യേക അഭിമുഖം