ദില്ലി: ആര്‍എസ്എസ് നേതാവായിരുന്ന സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാലയിട്ട് നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്‍യുഐ) നേതാക്കള്‍. ഡെല്‍ഹി യൂണിവേഴ്സിറ്റിയുടെ ഗേറ്റിന് പുറത്ത് എബിവിപി നേതാക്കള്‍ സ്ഥാപിച്ച പ്രതിമയിലാണ് ഇന്നലെ അര്‍ദ്ധരാത്രി എന്‍എസ്‍യുഐ നേതാക്കള്‍ മാലയിട്ടത്. 

എബിവിപി നയിക്കുന്ന ഡെല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍റെ അനുവാദമില്ലാതെയാണ് സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത്. യൂണിയന്‍ പ്രസിഡന്‍റ് ശക്തി സിംഗ് ആണ് പ്രതിമ അനാഛാദനം ചെയ്തത്. 

പലതവണ അഡ്മിനിസ്ട്രേഷനെ സമീപിച്ചിട്ടും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ശക്തി സിംഗ് പറഞ്ഞു. യൂണിവേഴ്സിറ്റി അണ്‍മിനിസ്ട്രേഷന് ധാരാളം കത്തുകളെഴുതി. മാര്‍ച്ചില്‍  വൈസ് ചാന്‍സലറെ കണ്ടു. യുവാക്കള്‍ക്ക് പ്രചോദനമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് തങ്ങള്‍ പ്രതിമ സ്ഥാപിച്ചതെന്നും ശക്തി സിംഗ് വ്യക്തമാക്കി.