ഗാസിയാബാദ്: ബുദ്ധമതം സ്വീകരിക്കുന്ന ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ഹാഥ്റസ് സംഭവത്തിന് ശേഷം ബുദ്ധമതം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരന്തരമായി നേരിടേണ്ടി വരുന്ന പാര്‍ശ്വവല്‍ക്കരണവും വിവേചനവുമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ജാതി വ്യവസ്ഥ ഇല്ലാത്തതാണ് ദളിത് വിഭാഗങ്ങളെ ബുദ്ധമതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന വിഷയം. ഗാസിയാബാദ്, ദില്ലി, മേഖലയിലാണ് 230ല്‍ അധികം പേര്‍ ബുദ്ധമതം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഹാഥ്റസ് സംഭവത്തില്‍ പൊലീസും അധികാരികളും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ സ്വീകരിച്ച നിലപാടും വലിയ രീതിയിലുള്ള ഈ മാറ്റത്തിനുപിന്നിലുണ്ടെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. പിന്നോക്ക വിഭാഗമായതുകൊണ്ടും വാല്മീകി എന്ന പേരിലെ ജാതിപ്പേരും നിമിത്തം പ്യൂണ്‍ ജോലിക്ക് അപേക്ഷിച്ചാല്‍ പോലും ശുചീകരണത്തൊഴിലാണ് ലഭിക്കുന്നത്. എന്നാല്‍ ബുദ്ധമതത്തില്‍ താക്കൂറും വാല്‍മീകിയുമില്ല മനുഷ്യര്‍ മാത്രമാണുള്ളതെന്നാണ് ഗാസിയാബാദ് സ്വദേശിയായ സുനിത പറയുന്നത്. 

വീട്ടുജോലി ചെയ്യുന്ന ഇടങ്ങളില്‍ കുടിക്കാനുള്ള വെള്ളം തരുന്നതില്‍ പോലും വിവേചനം ഇന്നും നേരിടുന്നു. അടുക്കളയില്‍ ആദ്യമായി വരുന്ന ആള്‍ക്കുപോലും താന്‍ വാല്‍മീകിയാണെന്ന് വ്യക്തമാകുന്ന രീതിയിലാണ് വിവേചനം. തലമുറകളായി ഈ വിവോചനം ഞങ്ങള്‍ നേരിടുകയാണ്. എന്നാല്‍ വരും തലമുറകള്‍ക്കെങ്കിലും മികച്ച അവസ്ഥ ഉണ്ടാവരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഒക്ടോബര്‍ 14ന് ബുദ്ധമതം സ്വീകരിച്ച പവന്‍ പറയുന്നതും മക്കള് ഈ വിവേചനം നേരിടരുതെന്നാണ്. പവനും കുടുംബവും നിരവധി അയല്‍ക്കാരും ബുദ്ധമതം സ്വീകരിച്ചത് ഒരുമിച്ചാണ്. കരേര മേഖലയില്‍ നിന്ന് 236 പേര്‍ ബുദ്ധമതം സ്വീകരിച്ചതായാണ് പവന്‍ പറയുന്നത്. 

ഇവരില്‍ പലരും ഹാഥ്റാസിലെ പെണ്‍കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെയാണ് ബുദ്ധമതത്തിലേക്ക് തിരിഞ്ഞത്. സര്‍ക്കാരും സംവിധാനങ്ങളും എങ്ങനെയാണ് ഹാഥ്റാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ബുദ്ധിമുട്ടിച്ചതെന്ന് ഞങ്ങള്‍ കണ്ടതാണ്. മറ്റൊരു മതത്തിലേക്ക് മാറുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്രകാലവും പിന്തുടര്‍ന്ന ആചാരങ്ങളെ ഉപേക്ഷിക്കുന്നത് ക്ലേശകരമാണ്. എന്നാള്‍ ഞങ്ങള്‍ മടുത്തുകഴിഞ്ഞു. ഇനി ഞങ്ങള്‍ വാല്‍മീകി അല്ല ബുദ്ധമതക്കാരാണ്. യുവാക്കള്‍ മുതല്‍ എഴുപത് വയസ് പ്രായമായവര്‍ വരെ ഇത്തരത്തില്‍ ബുദ്ധമതം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. 


രാജ്യത്തെവിടേയും ദളിത് വിഭാഗത്തിനെതിരെ അക്രമമുണ്ടാവുമ്പോള്‍ ഞങ്ങളുടെ മക്കളെ ഓര്‍ത്ത് ഭയം തോന്നാറുണ്ടെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചവരില്‍ ഏറെ പേരും വിശദമാക്കുന്നത്. വാല്‍മീകി എന്ന പേരുകാരണമാണ്  തങ്ങളുടെ മക്കളെ അധ്യാപകര്‍ പിന്‍ ബഞ്ചിലിരുത്തുന്നത്, സഹപാഠികള്‍ ഒപ്പമിരിക്കാത്തത്. ജാതിപ്പേരാണ് പ്രശ്നം അത് ഞങ്ങള്‍ മാറ്റുകയാണ്. ഇത് ഞങ്ങളുടെ ഭാവിക്ക് വേണ്ടിയാണെന്നും പറയുന്നു ഇവര്‍.