ദില്ലി: ദില്ലി എംയിസില്‍ നഴ്‍സുമാര്‍ ആരംഭിച്ച സമരം ശക്തമാക്കും. അവധിയിലുള്ള നഴ്‌സുമാരെ അടക്കം ഉൾപ്പെടുത്തി സമരം വീണ്ടും തുടങ്ങാനാണ് തീരുമാനം. ഇന്നും ചർച്ചയ്ക്ക് തയ്യാറായില്ലങ്കിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് സമരത്തിലേക്ക് കടക്കും. 
ഇന്നലെ യൂണിയൻ ഭാരവാഹികളാണ് പ്രതിഷേധിച്ചത്. ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്നതിനിടെ സുരക്ഷ , ജോലി സമയം, വനിത നഴ്‍സുമാര്‍ക്ക് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് സമരം. 

എയിംസിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നിൽ കുത്തിയിരുന്ന് ഇന്നലെ നഴ്‍സുമാര്‍ പ്രതിഷേധിച്ചത്. പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്‌ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്. 

അതസമയം കൊവിഡ് ബാധിച്ച മരിച്ച മലയാളി നഴ്സ് അംബിക ജോലി ചെയ്തിരുന്ന കാൽറ ആശുപത്രിയിലെ എട്ടു നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു. ഇതിൽ മൂന്നു പേർ കാൽറ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ ഗൃഹനീരീക്ഷണത്തിലാണെന്നും ആശുപത്രി അറിയിച്ചു. നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദില്ലി മലയാളി അസോസിയേഷൻ കത്ത് നൽകിയിരുന്നു. അതെ സമയം അംബികയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു.