മുംബൈ: മുംബൈയിൽ കൊവിഡ് ബാധിതരായ മലയാളി നഴ്സുമാരെ മോശം സാഹചര്യത്തിൽ ഐസൊലേറ്റ് ചെയ്തതായി പരാതി. മുംബൈയിലെ ജസ്‍ലോക്ക് ആശുപത്രിയിലെ നഴ്സുമാരാണ് ദൃശ്യങ്ങൾ സഹിതം പരാതിയുമായി രംഗത്തെത്തിയത്. 
രോഗബാധിതരായ 36  നഴ്സുമാരെ ഐസൊലേറ്റ് ചെയ്ത കെട്ടിടത്തില്‍ ആവശ്യത്തിന് വേണ്ട സൗകര്യങ്ങളില്ല. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതരായവർക്ക് സുരക്ഷിതമായൊരു ഇടം പോലും നിഷേധിക്കുകയാണ് മുംബൈ കോർപ്പറേഷൻ. 

രോഗികളുടെ എണ്ണം വർധിച്ചപ്പോൾ ആശുപത്രികളിൽ ബെഡുകൾ തികയാതെ വന്നിട്ടുണ്ട്. ഇതിനെ തുടർന്നാണ് രോഗ ലക്ഷണങ്ങളില്ലാത്തവരെ ഇതുപോലെ മറ്റിടങ്ങൾ കണ്ടെത്തി ഐസൊലേറ്റ് ചെയ്യേണ്ടി വരുന്നതെന്ന് മുംബൈ കോർപ്പേറേഷൻ വിശദീകരിക്കുന്നു. എന്നാൽ മരുന്ന് പോലും നൽകുന്നില്ലെന്ന നഴ്സുമാരുടെ ആരോപണം ഗുരുതരമാണ്. ബോംബെ ആശുപത്രിയിലെ നഴ്സുമാരും സമാനമായ പരാതിയുമായി ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ അകലം പോലും പാലിക്കാതെ  രോഗ സാധ്യതയുള്ളവരെ എല്ലാം ഒരുമുറിയിൽ പാർപ്പിക്കുകയാണെന്നാണ് പരാതി. ഇതിനോടകം 200 ഓളം നഴ്സുമാർക്കാണ് മുംബൈയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 5218 ആയി. രണ്ടുദിവസം കൊണ്ടാണ് 1000 രോഗികളുടെ വർധനവ് സംസ്ഥാനത്ത് ഉണ്ടായത്. ഇന്നലെ 19 പേരാണ് ഇവിടെ മരിച്ചത്. 180 പേർക്ക് ഇവിടെ പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു. രോഗ വ്യാപനം കേന്ദ്രീകരിച്ച ചേരിയിലെ അ‍ഞ്ചിടങ്ങളിൽ വരും ദിവസങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തും. പന്ത്രണ്ട് പേരാണ് ധാരാവിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയിലെ പൂനെയിലും ഉയർന്ന ഉദ്യോഗസ്ഥരടങ്ങുന്ന കേന്ദ്ര സംഘം സന്ദർശനം നടത്തുകയാണ്. സർക്കാരിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സംഘം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കാൻ ഉദ്ദവ് താക്കറെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.