കൊൽക്കത്ത: രാജ്യത്തെ വളര്‍ന്നു വരുന്ന അസഹിഷ്ണുതക്കും ആള്‍ക്കൂട്ട ആക്രമണത്തിനുമെതിരെ തുറന്ന കത്തെഴുതി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്റത്ത് ജഹാന്‍. ജയ്ശ്രീറാം മുഴക്കിയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ കലാകാരന്മാരെയും നുസ്റത്ത് അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാറിന്‍റെ മൗനത്തെയും നുസ്റത്ത് വിമര്‍ശിച്ചു.

ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ രാജ്യത്തിന്‍റെ ശത്രുക്കളാണ്. ജയ് ശ്രീറാം വിളി ഇപ്പോള്‍ കൊലവിളിയായി മാറിയിരിക്കുകയാണ്. ബിജെപി അധികാരത്തിലേറിയതിന് ശേഷമാണ് മുസ്ലിംകള്‍ക്കും ദലിതര്‍ക്കും നേരെ കൂടുതല്‍ ആക്രമണമുണ്ടായത്. ബീഫ് കഴിച്ചതിന്‍റെ പേരിലും കാലിക്കടത്തിന്‍റെ പേരിലും ആളുകളെ തല്ലിക്കൊല്ലുകയാണ്.

മുഹമ്മദ് അഖ്ലാക്കിനെയും പെഹ്ലുഖാനെയും ഗോരക്ഷകര്‍ തല്ലിക്കൊന്നു. തബ്രിസ് അന്‍സാരിയെ ജയ് ശ്രീറാം വിളിക്കാത്തതിനും തല്ലിക്കൊന്നും. മതം വിദ്വേഷമല്ല പഠിപ്പിക്കുന്നതെന്ന് സൂചിപ്പിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിയമനിര്‍മാണം വേണമെന്നും ഇവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിവാഹ ശേഷം സിന്ദൂരവും മംഗല്യസൂത്രവും അണിഞ്ഞതിനും നുസ്റത്ത് ജഹാനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.