കൊല്‍ക്കത്ത: ദുര്‍ഗാപൂജ ആഘോഷങ്ങളില്‍ പങ്കെടുത്ത് പാര്‍ലമെന്‍റ് അംഗമായ നുസ്രത്ത് ജഹാനും ഭര്‍ത്താവും ബിസിനസുകാരനുമായ നിഖില്‍ ജെയിനും. വിവാഹത്തിനുശേഷമുള്ള ആദ്യ ദുര്‍ഗാ പൂജ വലിയ ആഘോഷമായാണ് ഇരുവരും കൊണ്ടാടിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്. 

ചുവപ്പ് പട്ടുടുത്താണ് നുസ്രത്ത് പൂജയ്ക്കെത്തിയത്. വാദ്യോപകരണമായ ധാക്ക് മുഴക്കിയും ദുര്‍ഗാ ദേവിയെ പ്രാര്‍ത്ഥിച്ചുമാണ് ദുര്‍ഗാഷ്ചമി ആഘോഷത്തില്‍ ഇരുവരും പങ്കെടുത്തത്. ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

ഒരു മുസ്ലീം ആയിട്ടും ദുര്‍ഗാ പൂജ നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ മതത്തിന്‍റെയും ഐക്യത്തിനായുള്ള ആഘോഷങ്ങള്‍ക്ക് എനിക്ക് എന്‍റേതായ രീതികളുണ്ടെന്നായിരുന്നു മറുപടി. സംസാകരവും പാരമ്പര്യവും പിന്തുടരുന്നത് ശരിയാണെന്നാണ് താന്‍ കരുതുന്നത്. ഇവിടെ ഞങ്ങള്‍ എല്ലാ മതത്തിന്‍റെയും ഉത്സവങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 

എല്ലാ മതസ്ഥരും തന്‍റെ മതത്തോടൊപ്പം മറ്റ് മതങ്ങളെയും അംഗീകരിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് നുസ്രത്തിന്‍റെ ദുര്‍ഗാ പൂജാ ആഘോഷങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് നിഖില്‍ ജെയിന്‍ കൂട്ടിച്ചേര്‍ത്തു.