Asianet News MalayalamAsianet News Malayalam

'സര്‍ക്കാരുകള്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടി വരില്ല': വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

അന്യായ അറസ്റ്റും പീഡനവും നിര്‍ത്തിയാല്‍ കോടതി ഇടപെടല്‍ കുറയ്ക്കാം. കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ കാലതാമസം വരുത്തുന്നെന്നും ചീഫ് ജസ്റ്റിസ് 

NV Ramana says if government work properly then court will not have to intervene
Author
Delhi, First Published Apr 30, 2022, 11:42 AM IST

ദില്ലി: സര്‍ക്കാരുകള്‍ക്കെതിരെ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. നിയമപ്രകാരം സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടി വരില്ലെന്നും ജനങ്ങള്‍ക്ക് കോടതിയിലെത്തേണ്ടി വരില്ലെന്നും ജസ്റ്റിസ് എന്‍ വി രമണ (N V Ramana) പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം യഥാവിധം പ്രവര്‍ത്തിച്ചാല്‍ കോടതികളുടെ ഭാരം കുറയും. കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ കാലതാമസം വരുത്തുന്നു. സര്‍ക്കാരില്‍ നിന്ന് നീതി കിട്ടാത്തതിനാല്‍ ജനങ്ങള്‍ക്ക് കോടതികളിലേക്ക് എത്തേണ്ടി വരുന്നു. അന്യായമായ അറസ്റ്റും പീഡനവും പൊലീസ് ഒഴിവാക്കണം. നിയമനിര്‍മ്മാണ സഭകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണമെന്നും നിയമ നിര്‍മ്മാണത്തിലെ അവ്യക്തത കോടതികളുടെ ഭാരം കൂട്ടുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിസാര വ്യഹവാരങ്ങള്‍ കോടതികളുടെ സമയം കളയുകയാണ്. പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഉപദ്രവത്തിനുള്ള ഉപകരണമാകരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജഡ്ജിമാരുടേതടക്കം കോടതികളിലെ ഒഴിവുകള്‍ പരിഹരിക്കണമെന്ന ചീഫ് ജസ്റ്റിസിന്‍റെ ആവശ്യം പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോടതികളിലെ ഒഴിവുകള്‍ നികത്തും. കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം. കോടതി നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടതി വ്യവഹാരങ്ങള്‍ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത് വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരുകളും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിനായാണ് കേന്ദ്രം യോഗം വിളിച്ചത്. ആറ് വർഷത്തിന് ശേഷമാണ് സംയുക്ത സമ്മേളനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയിലായതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് നിയമമന്ത്രി പി രാജീവാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 

Follow Us:
Download App:
  • android
  • ios