ഇതോടെ ഈ മാസം 11ന് പളനിസ്വാമി വിഭാഗം നടത്തുമെന്ന് പ്രഖ്യാപിച്ച ജനറൽ കൗൺസിലിന് നിയമതടസ്സങ്ങളില്ലെന്ന് വ്യക്തമായി.
ചെന്നൈ : തമിഴ്നാട് പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിലെ നേതൃത്വ തർക്കത്തിൽ ഒ പനീർശെൽവം വിഭാഗത്തിന് കനത്ത തിരിച്ചടി. പാർട്ടി ഭരണഘടന തിരുത്തുന്നതിൽ നിന്ന് പാർട്ടിയുടെ പരമോന്നത സമിതിയായ ജനറൽ കൗൺസിലിനെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര നടപടിക്രമങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വാക്കാൽ പറഞ്ഞു. പാർട്ടിക്ക് അതിന്‍റെ മുൻനിശ്ചയിച്ച പരിപാടികളുമായി നിയമാനുസൃതം മുന്നോട്ടുപോകാം. ഇതോടെ ഈ മാസം 11ന് പളനിസ്വാമി വിഭാഗം നടത്തുമെന്ന് പ്രഖ്യാപിച്ച ജനറൽ കൗൺസിലിന് നിയമതടസ്സങ്ങളില്ലെന്ന് വ്യക്തമായി.
ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് കൃഷ്ണ മുരാരിയും അടങ്ങിയ ബഞ്ചാണ് തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെ ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിച്ചത്. ആ മാസം 11 ന് നടക്കുന്ന ജനറൽ കൗൺസിൽ തടയണം എന്നാവശ്യപ്പെട്ട് ഒ.പനീർശെൽവം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവോടെ ഇത് അപ്രസക്തമായി.
അണ്ണാ ഡിഎംകെ ആസ്ഥാന സെക്രട്ടറിയായി സ്വയം പ്രഖ്യാപിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഇ.പളനിസ്വാമി
അണ്ണാ ഡിഎംകെ ആസ്ഥാന സെക്രട്ടറിയായി സ്വയം പ്രഖ്യാപിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഇ.പളനിസ്വാമി. പാർട്ടി കോ ഓഡിനേറ്റർ പദവിയുടെ കാലാവധി അവസാനിച്ചെന്ന് കാട്ടി ഒ.പനീർശെൽവത്തിന് കത്തയച്ചതിന് പിന്നാലെയാണ് ആസ്ഥാന സെക്രട്ടറി സ്ഥാനം പളനിസാമി സ്വയം ഏറ്റെടുത്തത്. സ്വന്തം ട്വിറ്റർ അക്കൗണ്ടിലും പുതിയ സ്ഥാനം രേഖപ്പെടുത്തി.
പനീർശെൽവം ഇപ്പോൾ പാർട്ടിയുടെ ഖജാൻജി മാത്രമാണെന്നാണ് പളനിസ്വാമി പക്ഷം അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം പളനിസ്വാമി പനീർശെൽവത്തിന് അയച്ച കത്തിലും ഖജാൻജി എന്നാണ് അഭിസംബോധന ചെയ്യുന്നത്. അടുത്തയാഴ്ച നിശ്ചയിച്ചിരിക്കുന്ന ജനറൽ കൗൺസിൽ യോഗത്തിൽ ഈ സ്ഥാനത്തുനിന്നും ഒപിഎസിനെ നീക്കാനാണ് ഇപിഎസ് പക്ഷത്തിന്‍റെ തീരുമാനം.
