മുംബൈ: രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പരാമര്‍ശത്തിനെതിരെ ശിവസേന. ഇന്ത്യന്‍ നേതാവിനെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശം അരോചകമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യയെക്കുറിച്ച് ഒബാമയുടെ അറിവ് എന്താണെന്നും ഇന്ത്യയിലെ നേതാക്കളെക്കുറിച്ച് ഇത്തരത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

'ഒരു വിദേശ രാഷ്ട്രീയക്കാരന്‍ ഇന്ത്യന്‍ നേതാക്കളെക്കുറിച്ച് ഇത്തരത്തില്‍ അഭിപ്രായം പറയാന്‍ പാടില്ല. രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ഒബാമയുടെ പ്രസ്താവന അരോചകമാണ്. ട്രംപിന് മോശമാണെന്ന് ഞങ്ങള്‍ പറയില്ല. ഈ രാജ്യത്തെക്കുറിച്ച് ഒബാമക്ക് എത്രത്തോളമറിയാം'-സഞ്ജയ് റാവത്ത് ചോദിച്ചു. ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകത്തിലാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെക്കുറിച്ച് പരാമര്‍ശിച്ചത്. വിഷയത്തില്‍ വലിയ അവഗാഹമില്ലാതെ അധ്യാപകന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥിയോടാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിച്ചത്. 

ഒബാമയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.' 8-10 വര്‍ഷം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഒബാമ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ സമയത്തിനുള്ളില്‍ രാഹുല്‍ഗാന്ധി വ്യക്തിപരമായി ഒരുപാട് മാറ്റി. അദ്ദേഹം അനുഭവ സമ്പത്ത് ആര്‍ജ്ജിച്ചു;-കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ പറഞ്ഞു.