ക്ഷേത്രദർശനത്തിന് എത്തുന്നവർ അവിടത്തെ ആചാരങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിന്ദു മതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ടെന്നും അത് ദർശനത്തിനെത്തുന്നവർ പാലിക്കണമെന്നും ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു
ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ 2 സുപ്രധാന നിരീക്ഷണം. ക്ഷേത്രദർശനത്തിന് എത്തുന്നവർ അവിടത്തെ ആചാരങ്ങൾ പാലിക്കണമെന്നതാണ് ഒന്ന്. മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിന്ദു മതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ടെന്നും അത് ദർശനത്തിനെത്തുന്നവർ പാലിക്കണമെന്നമായിരുന്നു ജസ്റ്റിസ് ബി വി നാഗരത്നയുടെ നിരീക്ഷണം. അവിശ്വാസിക്കും മതപരമായ വിഷയങ്ങൾ കോടതിക്ക് മുൻപിൽ ഉന്നയിക്കാമെന്ന് ഒമ്പതംഗ ബഞ്ചിലെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നീരീക്ഷിച്ചതും ശ്രദ്ധേയമായി. അവിശ്വാസികൾക്ക് ആചാരങ്ങളെ എതിർക്കുന്ന ഹർജി നൽകാനാവില്ലെന്ന് ഇന്നലെ കേന്ദ്രം വാദിച്ചിരുന്നു. ഇക്കാര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടായിരിക്കുന്നത്. ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനപരിശോധന ഹർജികളെ പിന്തുണച്ച് എൻ എസ് എസിനും ക്ഷേത്ര സംരക്ഷണസമിതിക്കും വേണ്ടി മുതിർന്ന അഭിഭാഷകൻ വൈദ്യനാഥൻ വാദം ഉന്നയിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.
വിശദ വിവരങ്ങൾ
മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്തമായി ഹിന്ദുമതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ട്. ഏത് ക്ഷേത്രത്തിലാണ് പോകുന്നത് ആ ക്ഷേത്രത്തിലെ ആചാരം പാലിക്കണം എന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്നയുടെ നീരിക്ഷണം. ശബരിമലയിൽ മറ്റു മതക്കാർക്ക് വിലക്കില്ലെന്ന് മുതിർന്ന അഭിഭാഷകൻ സി എസ് വൈദ്യനാഥൻ വാദത്തിൽ പറഞ്ഞു. വ്രതം എടുത്താൽ ക്രിസ്ത്യാനിക്കും മുസ്ലിമിനും ശബരിമലയിൽ പോകാം. പോകുന്നവർക്ക് അയ്യപ്പനിൽ വിശ്വാസം ഉണ്ടായാൽ മതിയെന്നും വൈദ്യനാഥൻ വാദിച്ചു. വസ്ത്രം ധരിക്കുന്നതിൽ അടക്കം പല ക്ഷേത്രങ്ങളിലും വ്യത്യാസമുണ്ടെന്ന് ഗുരുവായൂർ ക്ഷേത്ര ആചാരം പരാമർശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അതിനിടയിലാണ് അവിശ്വാസിക്കും മതപരമായ വിഷയങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞത്. അവിശ്വാസികൾക്ക് ആചാരങ്ങളെ എതിർക്കുന്ന ഹർജി നൽകാനാവില്ലെന്ന് ഇന്നലെ കേന്ദ്രം വാദിച്ചിരുന്നു. ദൈവത്തിന്റെയും വിശ്വാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്രത്തിനായി തുഷാർ മേത്ത വാദം പൂർത്തിയാക്കിയത്. ശബരിമല യുവതി പ്രവേശന കേസിൽ ഇനി വാദം നടക്കുക വിഷു ദിവസത്തിലായിരിക്കും. ഏപ്രിൽ 14 ന് കോടതിക്ക് അംബേദ്ക്കർ ജയന്തിയുടെ അവധി പ്രഖ്യാപിച്ചത്തിനാലാണ് അടുത്ത വാദം ഏപ്രിൽ 15 ലേക്ക് മാറ്റിയത്. പുനപരിശോധന ഹർജികളെ പിന്തുണച്ചു കൊണ്ടുള്ള ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെ വാദമാകും അന്ന് നടക്കുക.
