ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. മുഖ്യമന്ത്രിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഏത് നിമിഷവും നവീന്‍ പട്നായിക്ക് കൊല്ലപ്പെടാമെന്നും ഭീഷണി കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. വധഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു.

ഈ മാസം അഞ്ചാം തീയതിയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ലഭിക്കുന്നത്. അത്യാധുനിക ആയുധങ്ങളുമായി വാടക കൊലയാളികള്‍ മുഖ്യമന്ത്രിയെ എപ്പോള്‍ വേണമെങ്കിലും കൊലപ്പെടുത്താം. എകെ 47 എടക്കമുള്ള ആധുനിക ആയുധങ്ങള്‍ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞെന്നും നാഗ്പൂരില്‍ നിന്നാണെന്ന്  കൊലയാളികളെത്തിയതെന്നും കത്തില്‍ പറയുന്നു. ഇംഗ്ലീഷിലാണ് കത്തെഴുതിയിരിക്കുന്നത്. 

ഭീഷണിക്കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്താന പൊലീസ് മേധാവി, ഇന്‍റലിജന്‍സ് ഡയറക്ടര്‍, ഭുവന്വേശ്വര്‍ പൊലീസ് എന്നിവര്‍ക്ക് ആഭ്യന്തര സ്പെഷ്യല്‍ സെക്രട്ടറി സന്തോഷ് ബാല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  വധഭീഷണിക്കത്ത് എത്തിയതിന് പിന്നാലെ  
മുഖ്യമന്ത്രിയുടെ വസതി, സെക്രട്ടേറിയറ്റ്, വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്ര എന്നിവയിലെ സുരക്ഷ   കർശനമാക്കിയിട്ടുണ്ട്.