ഭുവനേശ്വര്‍: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പെന്‍ഷന്‍ പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍. മധുബാബു പെന്‍ഷന്‍ യോജന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ട്രാന്‍സ്‌ജെന്‍ഡ
റുകള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചത്.  ഏകദേശം 5000 പേര്‍ക്ക് പെന്‍ഷന്‍ ഗുണം ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിവിധ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് 500 മുതല്‍ 900 രൂപ വരെയാണ് ലഭിക്കുകയെന്ന് സാമൂഹ്യസുരക്ഷാ മന്ത്രി അശോക് പാണ്ഡ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെഡിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ പെന്‍ഷന് അപേക്ഷിക്കാം. സര്‍ക്കാര്‍ തീരുമാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനകള്‍ സ്വാഗതം ചെയ്തു. ആന്ധ്രപ്രദേശ്, കേരള സര്‍ക്കാറുകള്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് പെന്‍ഷനുള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 1000 രൂപ അധികം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.നാല് മാസത്തെ പെന്‍ഷന്‍ മുന്‍കൂറായും ഒഡിഷ സര്‍ക്കാര്‍ നല്‍കിയിരുന്നു.