പാട്ന: രാജസ്ഥാനിലെ കോട്ടയില്‍ ലോക്ക്ഡൌണ്‍ കാലത്ത് കുടുങ്ങിയ മകളെ തിരികെയെത്തിക്കാന്‍ ബിജെപി എംഎല്‍എയ്ക്ക് യാത്രാ പാസ് അനുവദിച്ച സര്‍ക്കാരുദ്യോഗസ്ഥനെതിരെ നടപടി. കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൌണില്‍ കോട്ടയില്‍ കുടുങ്ങിയ മെഡിക്കല്‍, എന്‍ജിനിയറിംഗ് പരീക്ഷാ പരിശീലനം നേടിക്കൊണ്ടിരുന്ന വിദ്യാര്‍ഥികളെ തിരികെയെത്തിക്കാന്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ നടപടിയെടുത്തപ്പോള്‍ അതിനോട് ബിഹാര്‍ മുഖം തിരിച്ചിരുന്നു. ഇതോടെയാണ് ബിജെപി എംഎല്‍എ മകളെ തിരികെയത്തിക്കാന്‍ യാത്രാ പാസ് സംഘടിപ്പിച്ചത്. 

ഹിസുവ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അനില്‍ സിംഗാണ് യാത്രാ പാസ് സംഘടിപ്പിച്ചത്. സബ് ഡിവിഷണല്‍ ഓഫീസറായ അനു കുമാറാണ് എംഎല്‍എയ്ക്ക് യാത്രാ പാസ് അനുവദിച്ചത്. സംഭവം വിവാദമായതോടെയാണ് സബ് ഡിവിഷണല്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തത്. ഏപ്രില്‍ 15നാണ് അനില്‍ സിംഗ് യാത്രാ പാസ് സംഘടിപ്പിച്ചത്. ഏപ്രില്‍ 16ന് കോട്ടയിലേക്ക് തിരിച്ച എംഎല്‍എ പതിനേഴുകാരിയായ മകളെ തിരികെ വീട്ടിലെത്തിച്ചിരുന്നു. സഹപാഠികള്‍ വീടുകളിലേക്ക് മടങ്ങുകയും കോച്ചിംഗ് ക്ലാസ് താത്കാലികമായി റദ്ദാക്കുകയും ചെയ്തതോടെ തനിച്ചായ മകള്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് എംഎല്‍എ പറയുന്നത്. 

അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രം അനുവദിക്കാവുന്ന യാത്രാ പാസാണ് അനു കുമാര്‍ എംഎല്‍എയ്ക്ക് നല്‍കിയത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുള്ള ശക്തമായ ആയുധമായി സംഭവം ഉപയോഗിക്കുകയാണ് പ്രതിപക്ഷമിപ്പോള്‍. ഭരണപക്ഷത്തിന് വേണ്ടപ്പെട്ട വിഐപികള്‍ക്കായി ലോക്ക്ഡൌണ്‍ കാലത്ത് വഴിവിട്ട് സഹായം ചെയ്തുവെന്നാണ് മുഖ്യമന്ത്രിക്ക് എതിരെയുയരുന്ന ആരോപണം. നിയമസഭയിലെ ചീഫ് വിപ്പായ അനില്‍ സിംഗിന് ഇത്തരം ആനുകൂല്യം നല്‍കിയതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയിട്ടുള്ളത്. 

എംഎല്‍എയുടെ മകളെ കൊണ്ടുവരാനായി കോട്ടയിലേക്ക് പോയ എംഎല്‍എയുടെ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയേറ്റിന്‍റെ അനുമതിയില്ലാതെ സംസ്ഥാന പരിധി വിട്ട് പുറത്ത് പോയതിന് കാരണം കാണിക്കാനാണ് നോട്ടീസ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കോട്ടയിലേക്ക് പോകാനായി സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടില്ലെന്നാണ് അനില്‍ സിംഗിന്‍റെ അവകാശവാദം. എന്നാല്‍ സ്വന്തം വാഹനമായ ഫോര്‍ച്യൂണറിനൊപ്പം സര്‍ക്കാര്‍ വാഹനത്തിനും അനില്‍ സിംഗ് പാസ് സംഘടിപ്പിച്ചിരുന്നു.