ഹനുമാന്‍ കുരങ്ങിന്‍റെ ശബ്ദം അനുകരിക്കാന്‍ കഴിയുന്നവരുടെ സഹായവും തേടുന്നുണ്ട്. കുരങ്ങന്മാരുടെ സ്ഥിരം താവളങ്ങളില്‍ വേദികള്‍ ഒരുക്കിയതോടെയാണ് സംഘാടകര്‍ പുലിവാല് പിടിച്ചത്

ദില്ലി: ജി 20 ഉച്ചകോടിയുടെ വേദികള്‍ക്കരികിലെത്തുന്ന കുരങ്ങന്മാരെ തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ച് സംഘാടകര്‍. ഹനുമാന്‍ കുരങ്ങിന്‍റെ ശബ്ദം അനുകരിക്കാന്‍ കഴിയുന്നവരുടെ സഹായവും തേടുന്നുണ്ട്. കുരങ്ങന്മാരുടെ സ്ഥിരം താവളങ്ങളില്‍ വേദികള്‍ ഒരുക്കിയതോടെയാണ് സംഘാടകര്‍ പുലിവാല് പിടിച്ചത്. ദില്ലി നഗരത്തില്‍ പലയിടത്തും കുരങ്ങുകള്‍ പ്രശ്നക്കാരാണ്.

Add Asianetnews as a Preferred SourcegooglePreferred

അലഞ്ഞു തിരിഞ്ഞു നടക്കുക മാത്രമല്ല, ജനങ്ങളെ ഉപദ്രവിച്ചും, സാധനങ്ങൾ തട്ടിയെടുത്തും ഇവ ഉണ്ടാക്കുന്ന തലവേദന ചെറുതല്ലെന്നാണ് പലരുടെയും പരാതി. ഉച്ചകോടിക്കായി വിദേശത്ത് നിന്നടക്കം പ്രതിനിധികള്‍ വരുമ്പോള്‍ പൊല്ലാപ്പുണ്ടാകാതിരിക്കാന്‍ സംഘാടകര്‍ കണ്ടു പിടിച്ച വിദ്യയാണിത്. സാധാരണ കുരങ്ങുകളുടെ പേടി സ്വപ്നമായ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുക. അങ്ങനെ നഗരത്തില്‍ പലയിടങ്ങളിലും രാഷ്ട്രീയക്കാരുടേത് പോലെ ഹനുമാന്‍ കുരങ്ങുകളുടെയും കട്ടൗട്ടുകള്‍ ഉയര്‍ന്നിരിക്കുകയാണ്.

കട്ട് ഔട്ടുകൾക്കു പുറമെ ഇവയുടെ ശബ്ദം അനുകരിക്കാൻ പരിശീലനം ലഭിച്ച നാൽപ്പതോളം പേരെയും ജി 20 ഉച്ചകോടിക്കായി നിയമിച്ചിട്ടുണ്ട്. 2010ൽ കോമൺവെൽത് ഗെയിംസിന്റെ സമയത്തും ഈ മാര്‍ഗം പരീക്ഷിച്ചിരുന്നു. ഇതോടൊപ്പം വനാതിർത്തികളിൽ നിന്ന് കുരങ്ങുകൾ പുറത്തേക്ക് അലഞ്ഞ് തിരിയുന്നില്ലെന്ന് ഉറപ്പുവരുത്താൻ അധികൃതർ അവിടെ ഭക്ഷണം നൽകാനും തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ കട്ട് ഔട്ടുകൾ വെക്കാത്ത സ്ഥലങ്ങളിൽ കുരങ്ങുകളുടെ ശല്യം വ്യാപകമാണെന്ന് പരാതിയുണ്ട്. ദില്ലിയിൽ നടക്കുന്നത് ജി 20 ആണെന്നൊന്നും ഇവിടുത്തെ കുരങ്ങന്മാർക്ക് അറിയില്ല. ഈ അന്താരാഷ്ട്ര സമ്മേളനം കഴിഞ്ഞു നേതാക്കന്മാർ മടങ്ങിയാലും കട്ട് ഔട്ടുകൾ നീക്കിയാലും ശല്യക്കാരായ കുരങ്ങന്മാർ ഇവിടെ കാണുമെന്നും തീർച്ചയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം