നിർഭാഗ്യവശാൽ, തട്ടിപ്പ് കോളാണെന്നറിയാതെ പതിനൊന്ന് വയസ്സുള്ള കൊച്ചുമകൻ, തട്ടിപ്പുകാർ അന്വേഷിച്ച എല്ലാ വിവരവും നൽകി. 

കൊൽക്കത്ത: ഓൺലൈൻ തട്ടിപ്പിൽ വിരമിച്ച സർക്കാർ ഉദ്യോ​ഗസ്ഥന് നഷ്ടമായത് രണ്ടര ലക്ഷം രൂപ. കൊൽക്കത്ത സ്വദേശിയായ 83 കാരനായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് തട്ടിപ്പിനിരയായത്. താക്കൂർപുക്കൂറിൽ താമസിക്കുന്ന എസ്.പി. സിൻഹ എന്നയാൾക്കാണ് പണം നഷ്‌ടമായത്. ബാങ്ക് ജീവനക്കാരനാണെന്നും പറഞ്ഞ് വിളിച്ച ഒരാളാണ് പണം തട്ടിയത്. ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമാണ് ഇയാൾക്ക് നഷ്ടമായത്. 

സിൻഹയുടെ പെൻഷൻ അക്കൗണ്ടുള്ള ബ്രാഞ്ചിന്റെ ടേബിൾ നമ്പർ 3 മൂന്നിലെ ജീവനക്കാരനാണെന്ന് പറഞ്ഞാണ് സിൻഹയ്ക്ക് ഒരു കോൾ ലഭിച്ചത്. സിൻഹയുടെ കെവൈസി വിശദാംശങ്ങൾ ഓൺലൈനിൽ പരിശോധിക്കാനാണ് വിളിച്ചതെന്ന് ഇയാൾ പറഞ്ഞു. നേരത്തെ ബാങ്കിൽ നിന്ന് തന്റെ കെ‌വൈ‌സി ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിന് നിർദ്ദേശങ്ങൾ ലഭിക്കുമെന്ന് അദ്ദേഹത്തിന് അറിയിപ്പ് ലഭിച്ചിരുന്നു. 

നവംബർ 11-നാണ് കോൾ ലഭിച്ചത്. ബാങ്ക് അവധിയാണെന്നറിയിച്ചപ്പോൾ 'വെരിഫിക്കേഷൻ' സെക്ഷൻ മാത്രമേ തുറന്നിട്ടുള്ളൂവെന്നും എന്റെ കെവൈസി അപ്‌ഡേറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞുവെന്ന് സിൻഹ പറഞ്ഞു. മൊബൈലിൽ ബുദ്ധിമുട്ടുകൾ നേരിടാൻ തുടങ്ങിയതോടെ സിൻഹ തന്റെ 11 വയസ്സുള്ള കൊച്ചുമകനെ ഫോൺ ഏൽപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ തന്റെ അക്കൗണ്ടിൽ നിന്ന് 2,57,650 രൂപ നഷ്ടമായതായി കണ്ടെത്തി. ഒപ്പം സ്ഥിര നിക്ഷേപങ്ങളിലേക്കും മറ്റു നിക്ഷേപങ്ങളിലേക്കും എൻട്രി അവസാനിച്ചതോടെ കോൾ കട്ടാകുകയും ചെയ്തു. 

നിർഭാഗ്യവശാൽ, തട്ടിപ്പ് കോളാണെന്നറിയാതെ പതിനൊന്ന് വയസ്സുള്ള കൊച്ചുമകൻ, തട്ടിപ്പുകാർ അന്വേഷിച്ച എല്ലാ വിവരവും നൽകി. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ബാങ്ക് ശാഖ സന്ദർശിക്കണമെന്നും ഫോൺകോളുകളിലൂടെ വിവരങ്ങൾ പങ്കിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.