യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം ചെയ്യാനുള്ള 60 ദിവസത്തെ സമയപരിധിയാണ് ട്രംപിന് കുരുക്കായത്. ഈ നിയമം പറഞ്ഞാണ്, കോണ്‍ഗ്രസ് അനുമതി തേടാതെ ട്രംപ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. എന്നാല്‍, സമയപരിധി വ്യവസ്ഥ തിരിച്ചടിയായിരിക്കുകയാണ്.
വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടെ പ്രസിഡന്റ് ട്രംപിന് തലവേദനയായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള യുദ്ധനിയമം. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം ചെയ്യാനുള്ള 60 ദിവസത്തെ സമയപരിധിയാണ് ട്രംപിന് കുരുക്കായത്. ഈ നിയമം പറഞ്ഞാണ്, കോണ്‍ഗ്രസ് അനുമതി തേടാതെ ട്രംപ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. എന്നാല്‍, ഈ നിയമത്തില്‍ പറയുന്ന സമയപരിധി വ്യവസ്ഥ ഇപ്പോള്‍ അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുകയാണ്. എങ്കിലും, ഈ യുദ്ധനിയമം മറികടക്കാന്‍ പ്രസിഡന്റിന് കഴിയുമെന്നും സൂചനകളുണ്ട്.
കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുുന്ന 1973-ലെ വാര്‍ പവേഴ്സ് റെസല്യൂഷനിലെ വ്യവസ്ഥകളാണ് ട്രംപിന് തിരിച്ചടിയായത്. ഈ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ സംഘര്‍ഷത്തെ ചോദ്യം ചെയ്യാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമങ്ങള്‍ ട്രംപും റിപ്പബ്ലിക്കന്‍മാരും പരാജയപ്പെടുത്തിയത്. അഞ്ച് തവണ ഡെമോക്രാറ്റുകള്‍ അത്തരമൊരു
ശ്രമം നടത്തിയെങ്കിലും സെനറ്റിലെ റിപ്പബ്ലിക്കന്‍മാര്‍ അതു തടയുകയായിരുന്നു. കോണ്‍ഗ്രസ് അനുമതിയില്ലാതെ യുദ്ധം ആരംഭിച്ച ട്രംപിനെ സഭാംഗങ്ങളുമായി സൈനിക നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിക്കാനും യുദ്ധ നടപടികള്‍ നിര്‍ത്തിവെപ്പിക്കാനുമായിരുന്നു ഡെമോക്രാറ്റുകളുടെ തുടര്‍ശ്രമങ്ങള്‍.
ഈ നിയമത്തിലെ മറ്റൊരു വ്യവസ്ഥയാണ് ഇപ്പോള്‍ ട്രംപിന് തലവേദനയായത്. അറുപത് ദിവസത്തെ സമയപരിധി വ്യവസ്ഥയാണ് അത്. നിയമമനുസരിച്ച്, 60 ദിവസ സമയപരിധി കഴിഞ്ഞാല്‍, കോണ്‍ഗ്രസ് അനുമതിയില്ലാതെ സൈനിക നീക്കം തുടരാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍, ട്രംപിന് മുന്നില്‍ പ്രധാനമായി മൂന്ന് വഴികളുണ്ടാകും: ഒന്ന്, സൈനിക നടപടി തുടരാന്‍ കോണ്‍ഗ്രസിന്റെ അനുമതി തേടുക, രണ്ട്, യുദ്ധം അവസാനിപ്പിക്കുക, മൂന്ന്, സ്വയം കാലാവധി നീട്ടിനല്‍കുക.
സൈന്യത്തെ സുരക്ഷിതമായി പിന്‍വലിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് പ്രസിഡന്റ് രേഖാമൂലം സാക്ഷ്യപ്പെടുത്തിയാല്‍ 30 ദിവസം കൂടി നീട്ടിനല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, ഒരു വലിയ യുദ്ധം തുടരാനുള്ള അധികാരം ഇത് നല്‍കുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മെയ് ഒന്ന് എന്ന കടമ്പ
ഫെബ്രുവരി 28--നാണ് അമേരിക്ക ഇറാനതെിരെ ആക്രമണം ആരംഭിച്ചത്. പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളെ സംരക്ഷിക്കുക, സുപ്രധാന ദേശീയ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നീ ലക്ഷ്യങ്ങളോടെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചാണ് താന്‍ യുദ്ധം ചെയ്യുന്നത് എന്നാണ് അന്ന് ട്രംപ് പറഞ്ഞത്. ഇസ്രായേല്‍ ഉള്‍പ്പെടെ സഖ്യകക്ഷികളുടെ ആത്മരക്ഷാര്‍ത്ഥമാണ് ഈ നടപടിയെന്നും അദ്ദേഹം അന്ന് വ്യക്തമാക്കി.
എന്നാല്‍, പല ഡെമോക്രാറ്റുകളും ഈ ന്യായീകരണത്തെ എതിര്‍ത്തു. ട്രംപ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നായിരുന്നു അവരുടെ വാദം. സൈനിക ശക്തി ഉപയോഗിക്കുന്നതിന് കോണ്‍ഗ്രസിന്റെ അനുമതിയില്ലാത്ത പക്ഷം, സേനയെ പിന്‍വലിക്കാന്‍ പ്രസിഡന്റിന് 60 ദിവസത്തെ സമയം അനുവദിക്കുന്ന യുദ്ധാധികാര നിയമത്തിന്റെ പരിധിയില്‍ നിന്നാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും റിപ്പബ്ലിക്കന്‍മാരും ഇതിനു മറുപടി പറഞ്ഞു.
യുദ്ധം ഫെബ്രുവരി അവസാനത്തില്‍ ആരംഭിച്ചുവെങ്കിലും, മാര്‍ച്ച് രണ്ടിനാണ് ട്രംപ് ഈ നീക്കത്തെക്കുറിച്ച് കോണ്‍ഗ്രസിനെ ഔദ്യോഗികമായി അറിയിച്ചത്. അതു കഴിഞ്ഞ് അറുപത് ദിവസം കഴിയുന്നത് മെയ് ഒന്നിനാണ്. മെയ് ഒന്നിനുള്ളില്‍ യുദ്ധം അവസാനിച്ചില്ലെങ്കില്‍, ട്രംപിന് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ടി വരും. 2002-ല്‍ ഇറാഖിനെതിരെ സൈനിക ശക്തി ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന് ശേഷം, മറ്റൊരു സൈനിക നടപടിക്ക് അനുകൂലമായി കോണ്‍ഗ്രസ് ഇതുവരെ വോട്ട് ചെയ്തിട്ടില്ല.
റിപ്പബ്ലിക്കന്‍ പാളയത്തിലും എതിര്‍പ്പുകള്‍
60 ദിവസത്തിനപ്പുറം യുദ്ധം നീട്ടുന്നത് പിന്തുണയ്ക്കില്ലെന്ന് ചില റിപ്പബ്ലിക്കന്‍മാര്‍ തന്നെ ഇതിനകം സൂചന നല്‍കിയിട്ടുണ്ട്. യൂട്ടായിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കര്‍ട്ടിസ് ഈ മാസം ആദ്യം എഴുതിയ ഒരു ലേഖനത്തില്‍, കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ 60 ദിവസ പരിധിക്ക് അപ്പുറമുള്ള സൈനിക നടപടികളെ പിന്തുണയ്ക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം മെയ് മാസത്തിലേക്ക് നീണ്ടാല്‍ പ്രസിഡന്റിന് പിന്തുണ കുറയുമെന്ന് വിദേശകാര്യ സമിതി അധ്യക്ഷനായ ബ്രയാന്‍ മാസ്റ്റ് ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍മാരും മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച പ്രതിനിധി സഭയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ 60 ദിവസത്തിന് ശേഷം കാര്യങ്ങളില്‍ മാറ്റമുണ്ടാകാം എന്ന് ബ്രയാന്‍ മാസ്റ്റ് സൂചിപ്പിക്കുകയും ചെയ്തു.
ട്രംപ് അവഗണിക്കുമോ ഈ വ്യവസ്ഥ?
എന്നാല്‍, ഇത്തരമൊരു സമയപരിധി ട്രംപ് അവഗണിക്കാനാണ് സാധ്യതയെന്നും നിരീക്ഷകര്‍ പറയുന്നുണ്ട്. യുഎസ് ഭരണഘടന കമാന്‍ഡര്‍ ഇന്‍ ചീഫിന് വിപുലമായ അധികാരം നല്‍കുന്നുണ്ടെന്നും, അതിനാല്‍ യുദ്ധാധികാര നിയമം ഉപയോഗിച്ച് പ്രസിഡന്റിന് മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും നേരത്തെ ഇരു പാര്‍ട്ടികളിലെയും പ്രസിഡന്റുമാര്‍ വാദിച്ചിട്ടുണ്ട്.
2011-ല്‍ പ്രസിഡന്റ് ബരാക് ഒബാമ ലിബിയയിലെ സൈനിക ഇടപെടല്‍ 60 ദിവസ പരിധിക്കപ്പുറവും തുടര്‍ന്നിരുന്നു. തുടര്‍ച്ചയായ പോരാട്ടങ്ങളോ നേരിട്ടുള്ള വെടിവെപ്പുകളോ നടത്തുന്നില്ല, കരസേനയെ വിന്യസിച്ചിട്ടില്ല എന്നിവയായിരുന്നു ഒബാമ അതിന് ചൂണ്ടിക്കാട്ടിയ ന്യായങ്ങള്‍. അന്ന് ഇതിനെതിരെ ഇരുപാര്‍ട്ടികളില്‍ നിന്നും വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇറാന്റെ കാര്യത്തില്‍ ട്രംപും സമാനമായ വാദം ഉന്നയിച്ചേക്കാമെന്നാണ് ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
2019-ല്‍ പ്രസിഡന്റായിരുന്ന ആദ്യ തവണ യമന്‍ യുദ്ധത്തില്‍ സൗദിയെ പിന്തുണയ്ച്ച് അമേരിക്ക നടത്തിയ സൈനിക ഇടപെടല്‍ അവസാനിപ്പിക്കാന്‍ ഇരുസഭകളും പാസാക്കിയ പ്രമേയം ട്രംപ് വീറ്റോ ചെയ്തിരുന്നു. അന്നും ഈ നിയമത്തെ ട്രംപ് എതിര്‍ത്തിരുന്നു. നടപടി തന്റെ ഭരണഘടനാപരമായ അധികാരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന അപകടകരമായ ശ്രമമാണെന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്.
എന്നാല്‍, സമയപരിധി അവഗണിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് രാഷ്ട്രീയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ ഇടപെടലോ മേല്‍നോട്ടമോ ഇല്ലാതെ യുദ്ധം നടത്താന്‍ ട്രംപിന് ഇതുവരെ വലിയ സ്വാതന്ത്ര്യമാണ് പാര്‍ട്ടി നല്‍കിയത്. അതിനിയും തുടരാന്‍ സാധ്യതയില്ലെന്നും നിരീക്ഷണങ്ങളുണ്ട്.


