ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയുടെ 
മുന്നോടിയായി കരുതല്‍ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍.  ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചുമുതലാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയത്.  

കഴിഞ്ഞ ആഴ്ച രണ്ടുതവണ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ കുടുംബം  ശ്രീനഗറിലെ ഹരിനിവാസിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നാണ്  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഹോദരി സഫിയയും മക്കളും കഴിഞ്ഞ ശനിയാഴ്ചയാണ് ഒമര്‍ അബ്ദുള്ളയെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച ഇരുപത് മിനുട്ട് നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. സഫിയയക്ക് ഓഗസ്റ്റ് 12 നാണ് ഒമര്‍ അബ്ദുള്ളയുമായി സംസാരിക്കാന്‍ അവസരം കിട്ടിയത്. അന്ന് ഇരുവരും ഫോണില്‍ സംസാരിക്കുകയും ചെയ്തു. 

 മെഹ്ബൂബ മുഫ്തിയെ അമ്മയും സഹോദരിയും വ്യാഴാഴ്ച നേരില്‍കണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒമര്‍ അബ്ദുള്ളയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയും കസ്റ്റഡിയിലാണ്. ഫറൂഖ് അബ്ദുള്ളയെ ജമ്മുകശ്മീര്‍ അഡ്മിനിസ്ട്രേഷനിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം തന്‍റെ മകനെ കാണണമെന്ന് നിരന്തരം ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടെങ്കിലും അനുവാദം നല്‍കിയില്ല. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായാണ് നേതാക്കള്‍ക്ക് ബന്ധുക്കളെ കാണാന്‍ അവസരമൊരുക്കുന്നതെന്നാണ് സൂചന.