Asianet News MalayalamAsianet News Malayalam

Omicron : രാജ്യത്ത് 781 ഒമിക്രോൺ രോഗികൾ; കൊവിഡ് കേസുകളിലും വര്‍ധനവ്,നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

മുംബൈയിൽ 70 ശതമാനവും ദില്ലിയിൽ 50 ശതമാനവും കേസുകൾ കൂടി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രോഗം പടരുകയാണ്. ഇതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. 

Omicron cases and covid cases raise in india
Author
Delhi, First Published Dec 29, 2021, 10:47 AM IST

ദില്ലി: രാജ്യത്ത് ഒമിക്രോൺ (Omicron) ബാധിതരുടെ എണ്ണം 738 ആയതോടെ ജാഗ്രത കൂട്ടി സംസ്ഥാനങ്ങൾ. ദില്ലിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. തലസ്ഥാനത്ത് ഭാഗിക ലോക്ക്ഡൌണ്‍ നിലവില്‍ വന്നു. 238 പേർക്കാണ് ഇതുവരെ ദില്ലിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിമാരുടെ യോഗത്തിൽ ഒമിക്രോണ്‍ സാഹചര്യം ചര്‍ച്ചയാകും. ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ (Covid 19) കുത്തനെ ഉയരുകയാണ്. പ്രതിദിന കൊവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വർധനയുണ്ടായി. ദശാംശം രണ്ട് ശതമാനത്തിൽ നിന്ന് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിനടുത്തെത്തി. 

ദില്ലി കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറാം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. മുംബൈയിൽ മാത്രം കേസുകളിൽ 70 ശതമാനം വർധനയുണ്ടായതോടെ ബിഎംസി ജാഗ്രത നിര്‍ദ്ദേശം നൽകി. ഗുജറാത്തിൽ ജൂണിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഒരാഴ്ച്ചയായി ബിഹാറിലും രോഗികളുടെ എണ്ണം കൂടുകയാണ്. പത്തിലധികം സംസ്ഥാനങ്ങൾ ഇതിനോടകം രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. പഞ്ചാബിലും ഹരിയാനയിലും അടുത്ത മാസം മുതൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാത്തവർക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി. 

ദില്ലിയിൽ ലെവൽ വൺ നിയന്ത്രണങ്ങൾ നടപ്പിലാക്കി തുടങ്ങി. അവശ്യ സർവ്വീസുകളൊഴികെയുള്ള സേവനങ്ങൾക്കാണ് ലെവൽ വണ്ണിൽ നിയന്ത്രണം ബാധകമാവുക. ദില്ലിയില്‍ സ്കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും ഇരുപതായി കുറച്ചു. ആരാധനാലയങ്ങളിൽ ആൾക്കൂട്ടം പാടില്ല. ഹോട്ടലുകളുടെ പ്രവർത്തനസമയം രാവിലെ എട്ട് മുതൽ രാത്രി 10 വരെയാക്കി. 50 ശതമാനം ആളുകൾക്ക് മാത്രമാകും പ്രവേശനം. ബസുകളിലും,മെട്രോകളിലും 50 ശതമാനം യാത്രക്കാരെയെ അനുവദിക്കുകയുള്ളു. കടകൾ, മാളുകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും.

Follow Us:
Download App:
  • android
  • ios