Asianet News MalayalamAsianet News Malayalam

Omicron India : രാജ്യത്ത് ഒമിക്രോൺ രോഗബാധ കൂടുന്നു; കേരളത്തിലും ആശങ്ക, ഫെബ്രുവരിയിൽ കൊവിഡ് മൂന്നാം തരംഗ സാധ്യത

നിലവില്‍ 54 കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്സീനും 82 കോടിയലിധം പേര്‍ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാൽ പ്രതിരോധം കൂടുതൽ മികച്ചതാകുമെന്നാണ് വിലയിരുത്തൽ

Omicron cases are increasing in india, covid third wave may begin in February
Author
New Delhi, First Published Dec 19, 2021, 1:55 AM IST

ദില്ലി: ഒമിക്രോണ്‍ (Omicron) വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്‍റെയത്ര തീക്ഷ്ണണമാകാനിടയില്ലെന്ന് ദേശീയ കൊവിഡ്  19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയത് (Covid 19). നിലവില്‍ 54 കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്സീനും 82 കോടിയലിധം പേര്‍ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാൽ പ്രതിരോധം കൂടുതൽ മികച്ചതാകുമെന്നാണ് വിലയിരുത്തൽ. വാക്സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രാജ്യത്താകമാനമായി ഒമിക്രോൺ രോഗബാധയേറ്റവരുടെ എണ്ണം വർധിക്കുകയാണ്. രാജ്യത്താകെയായി നൂറ്റിനാൽപതിലേറെ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രലയത്തിന്‍റെ കണക്ക്. 24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി ഇന്നലെ 21 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ എട്ടുപേർക്കാണ് പുതിയതായി ഒമിക്രോൺ  സ്ഥിരീകരിച്ചത്. എട്ടു പേരും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോൺ ബാധിതർ 48 ആയി. തെലങ്കാനയിൽ 13 പേർക്ക് കൂടിയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഹൈദരാബാദിൽ എത്തിവരാണ് എല്ലാവരും. ഇതോടെ തെലങ്കാനയിൽ ഒമിക്രോൺ ബാധിതർ 20 ആയി.

ഒമിക്രോൺ വ്യാപനം തുടരുന്നു; മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി പുതിയ 21 രോ​ഗബാധിതർ

കേരളത്തിലാകട്ടെ 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 11 രോഗബാധിതരായി. സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) ആണ് അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിക്കുമാണ് (49) ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും വന്നവരാണ്. മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. തിരുവനന്തപുരത്തെ 17 വയസുകാരന്‍ ഡിസംബര്‍ 9ന് അച്ഛനും അമ്മയും സഹോദരിയ്ക്കും ഒപ്പം യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതാണ്. ഇതോടൊപ്പം അമ്മൂമ്മയും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വന്ന 44കാരന്‍ ഡിസംബര്‍ 15ന് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ റാൻഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടു. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. മലപ്പുറത്ത് ചികിത്സയിലുള്ളയാള്‍ ദക്ഷിണ കര്‍ണാടക സ്വദേശിയാണ്. ഡിസംബര്‍ 13ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ ഇദ്ദേഹം പോസിറ്റീവായതിനാല്‍ നേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേരളത്തിൽ 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍; സംസ്ഥാനത്ത് ആകെ 11 കേസുകൾ

തൃശൂര്‍ സ്വദേശിനി ഡിസംബര്‍ 11ന് കെനിയയില്‍ നിന്നും ഷാര്‍ജയിലേക്കും അവിടെനിന്നും ഡിസംബര്‍ 12ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുമാണ് എത്തിയത്. കെനിയ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണണാണ് അനുവദിച്ചത്. 13ന് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവായി. അമ്മ മാത്രമാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അമ്മയും കോവിഡ് പോസിറ്റീവായി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം, ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Follow Us:
Download App:
  • android
  • ios