Asianet News MalayalamAsianet News Malayalam

Omicron: ഒമിക്രോണ്‍ വ്യാപനം; നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി ആഭ്യന്തര മന്ത്രാലയം

ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കർശനമായി പിന്തുടരാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

Omicron Central home secretary sent letters to the States
Author
Delhi, First Published Dec 27, 2021, 2:05 PM IST

ദില്ലി: ഒമിക്രോണ്‍ (Omicron) വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കർശനമായി പിന്തുടരാനാണ് നിർദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകി. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.

ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ അനുദിനം വർധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രതയിലാണ് രാജ്യം. ഇതുവരെ 578 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടുതൽ രോ​ഗികൾ ദില്ലിയിലാണ്. ദില്ലിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 142 പേർക്ക് ആണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 19 ആയിട്ടുണ്ട്.

ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ജാഗ്രത വർധിപ്പിക്കുകയാണ്. ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ദില്ലിയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ദില്ലിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

Also Read: രാജ്യത്ത് ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ വർധന;ഇതുവരെ സ്ഥിരീകരിച്ചത് 578പേർക്ക്;കൂടുതൽ ദില്ലിയിൽ

പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ മൂലമുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ദില്ലി സര്‍ക്കാര്‍ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നായിരുന്നു ദില്ലി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios